ആലപ്പുഴ: പെൻഷൻ കുടിശികയ്ക്ക് വേണ്ടിയുള്ള അങ്കണവാടി ജീവനക്കാരുടെ കാത്തിരിപ്പ് നീളുന്നു. 2022 ഏപ്രിലിൽ വിരമിച്ച ജീവനക്കാരുടെ പെൻഷൻ കുടിശിക 2023 മേയിലാണ് ലഭിച്ചത്. തുടർന്നിങ്ങോട്ട് പെൻഷൻ തുക ലഭിക്കാത്ത ആയിരക്കണക്കിന് സ്ത്രീകളുണ്ട്.
മുഖ്യമന്ത്രിക്കും വനിതാശിശുക്ഷേമ മന്ത്രിക്കും ഐ.സി.ഡി.എസ് ഡയറക്ടർക്കും നിരവധി തവണ
പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതോടെ, വരുമാനത്തിനായി ലോട്ടറി വിൽപ്പന ഉൾപ്പടെയുള്ള ജോലികൾ കണ്ടെത്തേണ്ട അവസ്ഥയിലാണ്.
അറുപത്തിരണ്ടിന് മേൽ പ്രായവും അനാരോഗ്യവും ശാരീരികമായ അവശതകളും അനുഭവിക്കുന്ന മുൻ അങ്കണവാടി ജീവനക്കാർക്ക് തുച്ഛമായ പെൻഷൻ തുക മരുന്ന് വാങ്ങാനും ഭക്ഷണാവശ്യത്തിനും പോലും മതിയാവില്ലെങ്കിലും അത് മാസത്തിൽ കിട്ടുന്നത്
വലിയ ആശ്വാസമായിരുന്നു. എന്നാൽ, അതാണ് ഇപ്പോൾ മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്.
നിത്യചെലവിന് നിവൃത്തിയില്ല
1. കുട്ടികളെ സംരക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇവരുടെ ജോലി. വിവിധ സർവേകൾ, ആരോഗ്യവകുപ്പിന്റെ ജോലികൾ, വയോജന - ഭിന്നശേഷി ക്ഷേമം തുടങ്ങി നിരവധി ചുമതലകളാണ് ചെറിയ വരുമാനത്തിൽ ഇവർ ചെയ്തിരുന്നത്
2.അങ്കണവാടി ക്ഷേമനിധിയിലേക്ക് മാസത്തോറും അഞ്ഞൂറും ഇരുനൂറ്റിയൻപതും രൂപ അടച്ച് നാൽപ്പതിലേറെ വർഷം ജോലി ചെയ്തവരാണ് വിശ്രമകാലത്ത് നിത്യചെലവിന് നിവൃത്തിയില്ലാതെ വിഷമിക്കുന്നത്
3.ക്ഷേമനിധിയിലെ ഭീമമായ തുക ദുരുപയോഗം ചെയ്യുകയോ വകമാറ്റി ചെലവഴിക്കുകയോ ചെയ്യുന്നതുകൊണ്ടാണ് പെൻഷൻ വിതരണം മുടങ്ങുന്നതെന്ന സംശയവും ഗുണഭോക്താക്കളിൽ ശക്തമാണ്
4.മുൻ സർക്കാരുകളുടെ കാലത്ത് ജീവനക്കാർക്ക് കിട്ടിയിരുന്ന വായ്പകളും മറ്റ് ആനുകൂല്യങ്ങളും ഇപ്പോൾ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ആനുകൂല്യങ്ങൾ മരവിപ്പിച്ചിട്ടും പെൻഷൻ പോലും കൃത്യമായി വിതരണം ചെയ്യാത്തതിലാണ് സ്ത്രീകളുടെ വിഷമം
സംസ്ഥാനത്ത്
അങ്കണവാടി
ജീവനക്കാർ: 60,000
പെൻഷൻ
വർക്കർ: ₹2500
ഹെൽപ്പർ : ₹1500
മാസങ്ങളായി പെൻഷൻ തുക മുടങ്ങിയതോടെ ജീവിതം വലിയ ബുദ്ധിമുട്ടിലാണ്. ആരോഗ്യമുള്ള കാലത്തോളം ജോലി ചെയ്തിട്ടും ഇപ്പോൾ സർക്കാർ അവഗണിക്കുന്നതിൽ വേദനയുണ്ട്
- കൗസല്യ, മുൻ അങ്കണവാടി ജീവനക്കാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |