തിരുവനന്തപുരം: പത്താം ക്ളാസിൽ ഓൾപാസും നിരന്തരമൂല്യനിർണയത്തിലെ ഉദാരസമീപനവും കാരണം ഹയർ സെക്കൻഡറിയിലെത്തുന്ന കുട്ടികൾക്ക് പഠനനിലവാരം വളരെ കുറവാണെന്ന് വലിയൊരു വിഭാഗം അദ്ധ്യാപകർ ആക്ഷേപമുയർത്തിയിരുന്നു.
അക്ഷരം കൂട്ടിവായിക്കാനറിയാത്തവർക്കും എസ്.എസ്.എൽ.സിക്ക് എ പ്ലസ് ലഭിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ വിമർശനം മുൻപ് വിവാദമായിരുന്നു. പഠനാടിത്തറ ശക്തിപ്പെടാതെ ഉയർന്ന ക്ളാസുകളിലെത്തുന്നതാണ് കുട്ടികൾ പിന്നാക്കം പോകാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മിനിമംമാർക്ക് കൊണ്ടുവരുന്നതിനെ സി.പി.എം അനുകൂല അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയും ശാസ്ത്രസാഹിത്യ പരിഷത്തും എതിർത്തിരുന്നു.സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയിൽ പുറന്തള്ളപ്പെടുമെന്ന ആശങ്കയാണിതിന് കാരണമായി പറഞ്ഞത്. സി.പി.എം ഇടപെടൽ ശക്തമായതോടെ അദ്ധ്യാപകസംഘടനകൾ അയഞ്ഞു.
ദിശാബോധം നൽകിയത്
വിദ്യാഭ്യാസ കോൺക്ലേവ്
എസ്.സി.ഇ.ആർ.ടി യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച എകദിന വിദ്യാഭ്യാസ കോൺക്ലേവാണ് പൊതുവിദ്യാഭ്യാസരംഗത്തിന് പുതിയ ദിശാബോധം നൽകിയത്.
സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനോടൊപ്പം നിരന്തര മൂല്യനിർണയം മെരിറ്റിനെ അടിസ്ഥാനമാക്കിയാണ് ഉറപ്പുവരുത്തേണ്ടതെന്നും ഏതെങ്കിലും വിഷയത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾക്ക് പരിശീലന ക്ലാസുകൾ നൽകി പുനഃപരീക്ഷ നടത്തി മികച്ച വിജയം കരസ്ഥമാക്കാമെന്നുമുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ ജില്ലയിലും കോൺക്‌ളേവുകൾ സംഘടിപ്പിക്കും. ഡി.ഇ.ഒ, എ.ഇ.ഒ തലത്തിൽ ഗുണമേന്മാവിദ്യാഭ്യാസ പിന്തുണാകമ്മിറ്റികൾ രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,പി.ടി.എ അധികൃതർ, വിദ്യാഭ്യാസ വിദഗ്ധർ, അദ്ധ്യാപക സംഘടനകൾ തുടങ്ങിയവരുടെ പിന്തുണയും ഉറപ്പാക്കും.
മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥിക്ക് പിന്തുണ നൽകി രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതിക്കാമെന്നും എല്ലാ കുട്ടികൾക്കും മികച്ച അക്കാഡമിക നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.
`തീരുമാനം സ്വാഗതാർഹം. എസ്.എസ് .എൽ.സിയിൽ മാർക്കുകൾ രേഖപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിന് മാർക്ക് മാനദണ്ഡമാക്കണം. '
-കെ.കെ.ശ്രീജേഷ് കുമാർ
ജന.സെക്രട്ടറി, കേരള എയ്‌ഡഡ്
ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോ.
`യോജിക്കുന്നു. നിരന്തരമൂല്യനിർണയം ശക്തമാക്കണം. സബ്ജക്ട് മിനിമം താഴെക്ളാസിൽ നിന്നാരംഭിക്കണമെന്ന കെ.എസ്.ടി.എ നിർദ്ദേശം അംഗീകരിച്ചതിൽ സന്തോഷം.'
-കെ.ബദറുന്നിസ
ജനറൽ സെക്രട്ടറി
കെ.എസ്.ടി.എ
` സബ്ജക്ട് മിനിമം ഘട്ടംഘട്ടമായി ഒന്നാം ക്ളാസ് മുതൽ ഏർപ്പെടുത്തണം. നേടേണ്ട ശേഷി നേടിയശേഷമേ ക്ളാസ് കയറ്റം നൽകാവൂ. '
-കെ.അബ്ദുൽ മജീദ്
സംസ്ഥാന പ്രസിഡന്റ്,
കെ.പി.എസ്.ടി.എ
`നിരന്തര മൂല്യനിർണയത്തിലൂടെ കുട്ടിയെ നിശ്ചിത ശേഷിയിലെത്തിക്കുന്നതാണ് ശാസ്ത്രീയരീതി. സബ്ജക്ട് മിനിമത്തിലൂടെ ബലിയാടാക്കുന്ന രീതിയാണിത്. സംവിധാനം പരിഷ്കരിക്കുകയാണ് വേണ്ടത്.'
-പി.വി ദിവാകരൻ
ജനറൽ സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
` സ്വാഗതാർഹം. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വിശ്വാസത്തിലെടുത്ത് വേണം പരിഷ്കാരം. പൊതുവിദ്യാലയങ്ങളിൽ നിന്ന് സമൂഹം അകന്നുപോകാൻ ഇടവരുത്തരുത്. '
-പി.എസ് ഗോപകുമാർ
സംസ്ഥാന പ്രസിഡന്റ്
ദേശീയ അദ്ധ്യാപക പരിഷത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |