'ജോക്കർ', 'കുഞ്ഞിക്കൂനൻ', 'വൺമാൻ ഷോ', 'വക്കാലത്ത് നാരായണൻകുട്ടി' അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
2006 മുതൽ ന്യൂയോർക്കിലായിരുന്നു താനെന്ന് മന്യ പറയുന്നു. വളരെ അപ്രതീക്ഷിതമായാണ് താൻ സിനിമയിൽ എത്തിയത്. പിതാവ് കാർഡിയോളജിസ്റ്റായിരുന്നു. തന്റെ പതിമൂന്നാം വയസിൽ പിതാവ് മരിച്ചു. പിന്നെ കുടുംബത്തിനുവേണ്ടിയാണ് സിനിമയിലെത്തിയത്. ആദ്യം മോഡലിംഗ് ആയിരുന്നു. അഞ്ച് മുതൽ പത്ത് വർഷം മാത്രമാണ് നായികയായി അഭിനയിക്കാനാകുക. വിവാഹ ശേഷം അല്ലെങ്കിൽ കുട്ടികളായാൽ ജോക്കർ പോലൊരു സിനിമ ലഭിക്കില്ല. ഇതുമനസിലായതുകൊണ്ടാണ് പഠിക്കാനായി ന്യൂയോർക്കിൽ പോയത്. പിന്നെ അവിടെ സെറ്റിലായെന്ന് നടി പറഞ്ഞു.
മലയാളത്തിലെ ഒരു നടൻ പ്രപ്പോസ് ചെയ്തിരുന്നുവെന്ന് മന്യ പറയുന്നു. എന്നാൽ ആരാണ് ആ നടൻ എന്ന് താരം വെളിപ്പെടുത്തിയില്ല. അതോടൊപ്പം തന്നെ കൂടെ അഭിനയിച്ച ഒരാളുടെ ജാഡ കാണേണ്ടിവന്നിട്ടുണ്ടെന്നും മന്യ വ്യക്തമാക്കി.
കുഞ്ഞിക്കൂനൻ സിനിമയിലെ രസകരമായ ഒരനുഭവവും മന്യ പങ്കുവച്ചു. കുഞ്ഞിക്കൂനൻ ആയി ദിലീപ് മേക്കപ്പ് ചെയ്തപ്പോൾ തിരിച്ചറിഞ്ഞില്ലെന്ന് നടി പറയുന്നു. 'ഞാൻ ആദ്യമായി ലൊക്കേഷനിൽ വന്നപ്പോൾ ദിലീപേട്ടൻ കുഞ്ഞിക്കൂനന്റെ വേഷത്തിലുണ്ടായിരുന്നു. ഹായ് മന്യ എന്ന് പറഞ്ഞു. ഞാൻ കരുതി ഫാനാണെന്ന്. ഹായ് പറഞ്ഞ് ഞാൻ പോയി. പിന്നെ തിരിഞ്ഞുനോക്കുമ്പോൾ,ഞെട്ടിപ്പോയി. അത്രയും നാച്വറൽ ലുക്ക് ആയിരുന്നു, എനിക്ക് മനസിലായില്ല. സോറി ദിലീപേട്ടാ, എനിക്ക് മനസിലായില്ലെന്ന് പറഞ്ഞു.'- മന്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |