നെടുമങ്ങാട്: ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശമായി ദുരന്ത നിവാരണ വിഭാഗം കണ്ടെത്തിയ വേങ്കോട് അമ്മാംപാറയുടെ അടിവാരത്ത് അനധികൃത പാറപൊട്ടിക്കൽ വ്യാപകം. നെടുമങ്ങാട് നഗരസഭയിലെ ചിറക്കാണി വാർഡിലാണ് പാറ സ്ഥിതിചെയ്യുന്നത്. സ്വകാര്യ ആശുപത്രിക്കായി പാർക്കിംഗ് യാർഡ് നിർമ്മിക്കാൻ 2000 ചതുരശ്ര അടി വിസ്തൃതിയിലാണ് പാറ പൊട്ടിച്ചത്. ഇതുസംബന്ധിച്ച് താലൂക്ക് ദുരന്തനിവാരണ വിഭാഗം തഹസിൽദാർക്ക് പരാതി ലഭിച്ചു.
3.82 ഏക്കർ വിസ്തൃതിയുള്ള അമ്മാംപാറയുടെ കിഴക്കുഭാഗത്ത് 15 സെന്റ് സ്ഥലം മഹാകവി കുമാരനാശാന്റെ പേരിലുണ്ടായിരുന്നതായി റവന്യൂ രേഖയുണ്ട്. ഒന്നരവർഷം മുമ്പ് ഈ പ്രദേശത്ത് കൈയേറ്റമുണ്ടായതിനെ തുടർന്ന് 5.5 സെന്റ് സ്ഥലത്തെ അനധികൃത നിർമ്മാണം റവന്യു വകുപ്പ് ഒഴിപ്പിച്ചിരുന്നു. കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് അളന്നു തിട്ടപ്പെടുത്തിയ സർക്കാർ രേഖയുടെ ജനകീയ പ്രഖ്യാപനം അമ്മാംപാറ സംരക്ഷണ സമിതിയും കുമാരനാശാൻ സാംസ്കാരിക സമിതിയും ആഘോഷപൂർവം സംഘടിപ്പിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പാറ പൊട്ടിച്ചത്.
അപായമേഖല
വർഷങ്ങളോളം ഖനനം നടത്തി ഉപേക്ഷിച്ച വിസ്‌തൃതമായ പാറമടകളും ചുറ്റുപാടും ബഹുനില മന്ദിരങ്ങളും ഉൾക്കൊള്ളുന്നതാണ് അമ്മാംപാറയുടെ താഴ്‌വാരം. എണ്ണമറ്റ പാറക്കൂട്ടങ്ങളുടെ വിപുലമായ ശൃംഖല സവിശേഷതയാണ്. പരിസരങ്ങളിൽ ജനവാസ മേഖലയുണ്ട്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുക്കാതെയും ശാസ്ത്രീയ പഠനങ്ങളില്ലാതെയുമുള്ള പാറ പൊട്ടിക്കൽ ഗുരുതര പ്രത്യാഘാതങ്ങൾക്കാണ് കാരണമാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |