റെയിൽവേ കാര്യത്തിൽ ദുരനുഭവം
തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരി റെയിൽപ്പാതയുടെ കാലതാമസത്തിന് കാരണം കേരളത്തിന്റെ അലംഭാവമാണെന്നും അനുവദിച്ച 2,125 കോടി ചെലവാക്കിയില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ കാര്യത്തിൽ മാത്രമല്ല റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാകാര്യത്തിലും കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ദുരനുഭവമാണുള്ളതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.
2,125 കോടി നൽകിയത് ശബരിപ്പാതയ്ക്കല്ല. മൂന്ന് റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള റെയിൽവേയുടെ വിഹിതമാണ്. ഇതിൽ തിരുവനന്തപുരം- കന്യാകുമാരി പാതയിരട്ടിപ്പിക്കൽ നടപടികൾക്കുൾപ്പെടെ 1,823 കോടിയും ചെലവിട്ടു. ശേഷിക്കുന്ന നടപടികൾ പൂർത്തിയായി വരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരവും വസ്തുതയ്ക്ക് നിരക്കാത്തതും രാഷ്ട്രീയ പ്രേരിതവുമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്രം നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങൾ ചെയ്യാതെ അതിൽ നിന്നുള്ള ഒളിച്ചോട്ടമാണിത്.
ശബരിപ്പാതയ്ക്കു പകരം ചെങ്ങന്നൂർ- പമ്പ റെയിൽപ്പാതയുണ്ടാക്കുമെന്ന് കേന്ദ്രം സ്വയം പ്രഖ്യാപിച്ചു. സംസ്ഥാനം അപ്പോഴും എതിർത്തില്ല. എന്നിട്ടും കേരളത്തെ കുറ്റപ്പെടുത്തുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യം മാത്രമാണ്.
റെയിൽവേ വികസനത്തിനായി ബഡ്ജറ്റിലും അല്ലാതെയുമായി കേരളം ചോദിച്ചതിനോടൊക്കെ കേന്ദ്രം എന്നും മുഖംതിരിച്ചിട്ടേയുള്ളൂ. ഇക്കുറി ബഡ്ജറ്റിലും ശബരിയുൾപ്പെടെ ഒരുപദ്ധതിയും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിലെ പദ്ധതികളുടെ കാര്യത്തിൽ ആരാണ് അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നതെന്ന് ജനങ്ങൾക്കറിയാം.
ശബരിപ്പാതയ്ക്കായി
കേരളം ചെയ്തത്
70 കിലോമീറ്റർ സ്ഥലമേറ്റെടുത്തു. 50% ചെലവ് വഹിക്കാമെന്ന് പറഞ്ഞു
എന്നിട്ടും കേന്ദ്രം അനങ്ങിയില്ല. എസ്റ്റിമേറ്റ് തുക 36%കൂടി 3,811കോടിയിലെത്തി
അതിന്റെ പകുതിയും കൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞു, അതിനായി
കിഫ്ബിയിലൂടെ വായ്പയെടുക്കും
അത് പൊതുകടത്തിൽ പെടുത്തി കടത്തിന്റെ പരിധി വെട്ടിക്കുറയ്ക്കരുതെന്ന ഇളവ് ചോദിച്ചെങ്കിലും കേന്ദ്രം മിണ്ടിയില്ല
(മുഖ്യമന്ത്രി പറഞ്ഞത്)
''കേരളത്തിന്റെ പൊതുവായ കാര്യത്തിനായി എം.പിമാർ മികച്ച പ്രവർത്തനമാണ് ലോക്സഭയിൽ കാഴ്ചവയ്ക്കുന്നത്. സംസ്ഥാനം ആവശ്യപ്പെടുന്ന പലകാര്യങ്ങളിലും അവർ നല്ല ഇടപെടൽ നടത്തുന്നുണ്ട്
-മുഖ്യമന്ത്രി പിണറായി വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |