കൊച്ചി: കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഓണക്കിറ്റുകളും വിതരണം ചെയ്തയിനത്തിലെ കമ്മിഷൻ കുടിശിക റേഷൻ വ്യാപാരികൾക്ക് നൽകാൻ സർക്കാരിന് ഹൈക്കോടതി ആറാഴ്ചകൂടി അനുവദിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ ഉപഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ആറുമാസമാണ് ആവശ്യപ്പെട്ടെങ്കിലും സെപ്തംബർ 11 വരെയാണ് അനുവദിച്ചത്. 2020 സെപ്തംബർ മുതൽ 11 മാസത്തെ കമ്മിഷനാണ് കുടിശികയുള്ളത്.
കെ - ടെറ്റ് ഇളവ് ;
വിവാദ സർക്കുലർ
പിൻവലിച്ചു
തിരുവനന്തപുരം: അദ്ധ്യാപക നിയമനത്തിൽ ഒരു വിഭാഗത്തിന് കെ-ടെറ്റ് യോഗ്യതയിൽ ഇളവനുവദിക്കാൻ കണക്കെടുപ്പ് നടത്താനുള്ള നിർദ്ദേശത്തോടെ ഇറങ്ങിയ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ പ്രതിഷേധത്തിനൊടുവിൽ പിൻവലിച്ചു.
നിയമനാംഗീകാരം ലഭിക്കാത്തവരുടേയും പ്രൊബേഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവരുടേയും കണക്കെടുക്കാനായിരുന്നു നിർദ്ദേശം. ന്യൂനപക്ഷ വിദ്യാലയങ്ങളിൽ ജോലിയെടുക്കുന്നവരെ കെ-ടെറ്റിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷൻ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കണക്കെടുക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശം.
കെ-ടെറ്റ് യോഗ്യതയില്ലെന്ന കാരണത്താൽ നിയമനാംഗീകാരമില്ലാതെ തുടരുന്നവരുടെ വിവരങ്ങൾ ന്യൂനപക്ഷ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിനെതിരെ, അദ്ധ്യാപക യോഗ്യതാ പരീക്ഷയിൽ മതവിവേചനമെന്നു കാണിച്ച് എൻ.ടി.യു. പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യോഗ്യതയിൽ ഇളവനുവദിക്കുന്നത് നിയമപരമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
എൻജിനിയറിംഗ് കോളേജുകളിൽ പുതിയ കോഴ്സുകൾ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ എൻജിനിയറിംഗ് കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ചു. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയില്ലാത്ത കോഴ്സുകളാണ് അനുവദിച്ചത്. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ ബിടെക് കെമിക്കൽ എൻജിനിയറിംഗ്, ബാർട്ടൺഹിൽ കോളേജിൽ എം.ടെക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, മെക്കാട്രോണിക്സ്, ഡേറ്റാ സയൻസ്, കോട്ടയം ആർ.ഐ.ടിയിൽ എം.ടെക്ക് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക്കൽ വെഹിക്കിൾ ടെക്നോളജി എന്നീ കോഴ്സുകളാണ് അനുവദിച്ചത്.
പ്ലസ് വൺ വേക്കൻസി സീറ്റുകളിലെ പ്രവേശനം
തിരുവനന്തപുരം : പ്ളസ് വൺ വേക്കൻസി സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് ഇന്ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാദ്ധ്യതയുള്ള സ്കൂൾ, കോഴ്സ് എന്നിവ റാങ്ക് ലിസ്റ്റിലൂടെ മനസിലാക്കി രാവിലെ ഒൻപതിനും 12 നുമിടയിൽ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന രണ്ട് പേജുള്ള CANDIDATES'S RANK റിപ്പോർട്ടുമായി രക്ഷകർത്താവിനൊപ്പം പ്രവേശനം നേടാനാഗ്രഹിക്കുന്ന സ്കൂളിൽ ഹാജരാകണം. യോഗ്യത സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിനുള്ള വിവരങ്ങൾ ഉണ്ടെങ്കിൽ അവയുടെ അസ്സൽ രേഖകൾ, ഫീസ് എന്നിവയടക്കമാണ് പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |