മുംബയ്: ധനകാര്യ ഇടപാടുകളിൽ വിപ്ളവകരമായ മാറ്റങ്ങൾ നടപ്പാക്കിയ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫെയിസിൽ (യു.പി.ഐ) വൻ അഴിച്ചുപണിക്ക് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) ഒരുങ്ങുന്നു. ഓരോ ഇടപാടുകൾക്കും പിൻ നമ്പർ കൊടുത്ത് ആധികാരികത ഉറപ്പുവരുത്തുന്നതിന് പകരം ബയോമെട്രിക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സ്റ്റാർട്ടപ്പ് കമ്പനികളുമായി എൻ.പി.സി.ഐ ചർച്ചകൾ ആരംഭിച്ചു.
ഓരോ തവണയും പണമിടപാടുകളുടെ ആധികാരികത ഉറപ്പാക്കാനും ദുരുപയോഗം തടയാനും നിലവിൽ പിൻ നമ്പറാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാദ്ധ്യതകൾ പരീക്ഷിക്കാനാണ് ശ്രമം. വിരലടയാളം, മുഖത്തിന്റെ തിരിച്ചറിയൽ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും.
ആദ്യഘട്ടത്തിൽ നിലവിലുള്ള പിൻ ഉപയോഗിക്കുന്നതിനൊപ്പം ബയോമെട്രിക്കും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. നിലവിൽ രണ്ട് തരത്തിലുള്ള പരിശോധനാ സംവിധാനമാണ് യു.പി.ഐ ഇടപാടുകൾക്കുള്ളത്. മൊബൈൽ ഫോണുകളിൽ യു.പി.ഐ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ എസ്.എം.എസ് വഴി പരിശോധിക്കുന്നതാണ് ഒന്നാമത്തെ സംവിധാനം. ഇതിന് പുറമെ ഓരോ ഇടപാടുകളിലും പിൻ നൽകുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |