റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും, നാണയപ്പെരുപ്പ ഭീഷണി ഒഴിഞ്ഞിട്ടില്ല
കൊച്ചി: നാണയപ്പെരുപ്പം പൂർണമായും നിയന്ത്രണവിധേയമാകാത്തതിനാൽ മുഖ്യ പലിശ നിരക്ക് തുടർച്ചയായ ഒൻപതാം തവണയും 6.5 ശതമാനമായി നിലനിറുത്തി റിസർവ് ബാങ്ക് കരുതൽ തുടരുന്നു. ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യ മികച്ച വളർച്ച നേടുന്നതിനാൽ തിരക്കിട്ട് പലിശ നിരക്ക് കുറയ്‌ക്കില്ലെന്ന് ധന അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു. വിപണി പ്രതീക്ഷിച്ച തീരുമാനമാണിത്. നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച ലക്ഷ്യം 7.2 ശതമാനമായും റിസർവ് ബാങ്ക് നിലനിറുത്തി. അവലോകന സമിതിയിൽ നാല് പേർ നിരക്കിൽ മാറ്റം വരുത്തുന്നതിന് എതിരായും രണ്ട് പേർ പലിശ കുറയ്ക്കണമെന്നും നിലപാടെടുത്തു. നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയെത്തിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ഗവർണർ പറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങളുടെ രൂക്ഷമായ വിലക്കയറ്റമാണ് പ്രധാന വെല്ലുവിളി.
ആഗോള വിപണിയിൽ മാന്ദ്യമാണെന്ന് പറയാൻ സമയമായില്ലെന്ന് ശക്തികാന്ത് ദാസ് പറഞ്ഞു. ഇതുസംബന്ധിച്ച വിവിധ കണക്കുകൾ റിസർവ് ബാങ്ക് പരിശോധിക്കുകയാണ്. ആഗോള മേഖലയിലെ ഏതൊരു പ്രതികൂല സാഹചര്യങ്ങളും നേരിടാൻ ഇന്ത്യ പര്യാപ്തമാണ്. ആഗസ്‌റ്റ് രണ്ടിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലാണ്.
പ്രധാന വിലയിരുത്തൽ
സെപ്തംബർ-ഡിസംബർ കാലയളവിൽ നാണയപ്പെരുപ്പം കുറയും
നിക്ഷേപ സമാഹരണത്തിലെ മാന്ദ്യം വെല്ലുവിളി
കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയം
ടോപ്പ് അപ്പ് ഭവന വായ്പകളുടെ വർദ്ധന ആശങ്ക സൃഷ്ടിക്കുന്നു
ബാങ്കുകൾ നിക്ഷേപ സമാഹരണം ഉൗർജിതമാക്കണം
ചെക്കുകളുടെ ക്ളിയറിംഗ് സമയം കുത്തനെ കുറയും
യു.പി.ഐയിലൂടെ അഞ്ച് ലക്ഷം രൂപ വരെ നികുതി അടക്കാം
യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിലൂടെ(യു.പി.ഐ) ഉപഭോക്താക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ നികുതി അടയ്ക്കാനാകുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു പരിധി. ഇതോടെ നികുതി അതിവേഗത്തിൽ വലിയ തലവേദനയില്ലാതെ അടയ്‌ക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |