ധാക്ക: ബംഗ്ളാദേശിൽ കെയർ ടേക്കർ സർക്കാർ രൂപീകരിക്കപ്പെട്ടതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജ്യത്തേക്ക് അധികം വൈകാതെ തിരിച്ചെത്തുമെന്ന് മകൻ സജീബ് വസേദ് ജോയി പ്രതികരിച്ചു. നൊബേൽ പുരസ്‌കാര ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ചയാണ് ബംഗ്ളാദേശിൽ ഇടക്കാല സർക്കാർ ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യൂനുസിന് ആശംസ നേരുകയും ചെയ്‌തു.
''ഇപ്പോൾ മാതാവ് ഇന്ത്യയിലാണുള്ളത്. ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നിമിഷം ബംഗ്ളാദേശിലേക്ക് തിരിച്ചെത്തും. എനിക്ക് ഉറപ്പുണ്ട്, അവാമി ലീഗ് തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിദ്ധ്യമാവുകയും ജയിക്കുകയും ചെയ്യുമെന്ന്''. ആവശ്യമെങ്കിൽ രാഷ്ടീയത്തിലേക്ക് ഇറങ്ങാൻ താൻ മടിക്കില്ലെന്നും സജീബ് വ്യക്തമാക്കി.
രാജ്യവ്യാപകമായ കലാപത്തെ തുടർന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഷേയ്‌ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ‌്തത്. കലാപകാരികൾ ഹസീനയുടെ ബംഗ്ളാവ് കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കപ്പെട്ടു. മൂന്നൂറിലധികം പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടതെന്നാണ് വിവരം. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു.
നിലവിൽ ന്യൂഡൽഹിയിലെ സുരക്ഷിതമായ അജ്ഞാത കേന്ദ്രത്തിലാണ് ഹസീനയും സഹോദരിയുമുള്ളത്. അധികം വൈകാതെ ഇവർ ബ്രിട്ടണിലേക്ക് അഭയം പ്രാപിക്കുമെന്നാണ് വിവരം. എന്നാൽ ബ്രിട്ടൺ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹസീനയുടെ കടുത്ത വിമർശകനായ യൂനുസ് ഇന്നലെയാണ് പാരീസിൽ നിന്ന് ധാക്കയിലെത്തിയത്. എയർപോർട്ടിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും വിദ്യാർത്ഥി നേതാക്കളും അദ്ദേഹത്തെ സ്വീകരിച്ചു. സുന്ദരമായ രാജ്യമായി മാറാനുള്ള എല്ലാ സാദ്ധ്യതകളും ബംഗ്ലാദേശിൽ താൻ കാണുന്നുണ്ടെന്ന് യൂനുസ് പ്രതികരിച്ചു.
സർക്കാർ ജോലിയിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങൾക്കേർപ്പെടുത്തിയ സംവരണം ബംഗ്ലാദേശിൽ വൻ ഭരണവിരുദ്ധ പ്രക്ഷോഭത്തിലേക്ക് വഴിമാറുകയായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണത്തിനെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. 1996 - 2001 കാലയളവിൽ പ്രധാനമന്ത്രി പദത്തിലെത്തിയ ഹസീന 2008, 2014, 2018, 2024 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |