വൈക്കം: കോട്ടയം നഗരസഭയിൽ നിന്ന് മൂന്ന് കോടി തട്ടിയെടുത്ത ജീവനക്കാരൻ അഖിൽ സി.വർഗീസ് നിലവിൽ ജോലി ചെയ്യുന്ന വൈക്കം നഗരസഭയിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധന ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി. പത്ത് മാസം മുമ്പാണ് അഖിൽ വൈക്കം നഗരസഭാ കാര്യാലയത്തിൽ ക്ലർക്കായി എത്തിയത്. വൈക്കത്ത് അഖിൽ കൈകാര്യം ചെയ്തിരുന്ന ക്ഷേമ പെൻഷൻ, കാഷ്യർ വിഭാഗങ്ങളിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമാണ് നഗരസഭയുടെ തീരുമാനം. അതേസമയം വൈക്കത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയിട്ടില്ല. ഓഫീസിൽ ആരോടും അധികം അടുപ്പം കാണിക്കാതെയായിരുന്നു അഖിലിന്റെ പ്രവർത്തനം. ക്ഷേമപെൻഷൻ വിഭാഗത്തിൽ ജോലി ചെയ്ത അഖിലിനെപ്പറ്റി പരാതി വ്യാപകമായതോടെ ക്യാഷ്യറായി മാറ്റി നിയമിച്ചിരിന്നു. വൃക്കരോഗത്തിന് ചികിത്സ നടത്തുന്നയാളെന്ന പരിഗണനയും ഇവിടെ അഖിലിന് നൽകിയിരുന്നു. വളരെ ആർഭാടത്തോടെ ഓഫീസിൽ എത്തിയിരുന്ന അഖിൽ ചങ്ങനാശേരിയിലേക്ക് സ്ഥലം മാറ്റത്തിനും ശ്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |