വർക്കല: വർക്കല വട്ടപ്ലാമൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മഡഗാസ്കർ ഹോട്ടൽ ഉടമയെ ഹോട്ടലിലെതന്നെ തൊഴിലാളി കുത്തിപ്പരിക്കേല്പിച്ചു. ഹോട്ടൽ ഉടമ വാസുദേവനെ (56)യാണ് നഗരൂർ കടവിള മിനിവിലാസത്തിൽ വിജയൻ (59) കുത്തി പരിക്കേല്പിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഹോട്ടലിനോട് ചേർന്നുള്ള ഒറ്റമുറിയിൽ ഉറങ്ങാൻ കിടന്ന വാസുദേവനെ ഹോട്ടലിന്റെ പിൻഭാഗത്തെ വാതിൽ തള്ളി തുറന്ന് വിജയൻ ആക്രമിക്കുകയായിരുന്നു. വിജയന്റെ സ്വർണ ഏലസ് വാസുദേവൻ പണയം വച്ചിരുന്നതായും ഇത് തിരികെ എടുത്തുനൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും അയിരൂർ പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപെട്ട വിജയനെ വർക്കല സ്റ്റേഷനിലെ പട്രോളിംഗ് ടീമാണ് പിടികൂടിയത്. വയറിന് ആഴത്തിൽ മുറിവേറ്റ വാസുദേവനെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വാസുദേവന്റെ മകൾ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |