മരട്: ഇന്നലെ രാവിലെ നെട്ടൂർ കുമ്പളം പുഴയിൽ വീണ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സന്ധ്യയോടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ ജഡം കുടുങ്ങുകയായിരുന്നു. ഇന്നലെ രാവിലെ ആറരയ്ക്കാണ് നെട്ടൂർ സൗത്ത് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം നിലമ്പൂർ മുതിരപറമ്പ് ഫിറോസ്ഖാന്റെയും മുംതാസിന്റെയും മകൾ ഫിദ(16) നെട്ടൂർ ബീച്ച് സോക്കർ ഭാഗത്ത് പുഴയിൽ വീണത്.
ഭക്ഷണാവശിഷ്ടങ്ങൾ പുഴയിൽ കളയാനാണ് വീടിന് പിന്നിലെ പുഴയരികിൽ എത്തിയത്. പാത്രം കഴുകാൻ പുഴയിൽ ഇറങ്ങിയ ഫിദ ചെളി നിറഞ്ഞു കിടക്കുന്ന ഭാഗത്ത് കുടുങ്ങി നല്ല ഒഴുക്കുള്ള ഭാഗത്തേക്ക് നീങ്ങിപ്പോയതാണെന്ന് കരുതുന്നു. മകളുടെ പിന്നാലെയെത്തിയ അമ്മ മുംതാസിന്റെ നിലവിളി കേട്ട് പിതാവും സമീപവാസിയും ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. പൊലീസും തൃപ്പൂണിത്തുറ ഫയർ ഫോഴ്സും എറണാകുളം ഗാന്ധി നഗർ സ്റ്റേഷനിൽ നിന്നെത്തിയ സ്കൂബാ ടീമും നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരും ഇന്നലെ സന്ധ്യ വരെ
തെരച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്ന് രണ്ട് കിലോമീറ്ററോളം അകലെ കുമ്പളം നെട്ടൂർ പാലത്തിന് സമീപം വഞ്ചിക്കാരുടെ തെരച്ചിലിനിടെ
വലയിൽ ഏഴ് മണിയോടെ ജഡം കുടുങ്ങുകയായിരുന്നു. കരയ്ക്കെത്തിച്ച മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പനങ്ങാട് ഗോപിനാഥ മേനോൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനിയാണ് ഫിദ. അച്ഛൻ ഫിറോസ് ഖാൻ മത്സ്യവിൽപ്പനക്കാരനാണ്. അമ്മ മുംതാസ് പനങ്ങാട്ടെ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ്. അനുജത്തിമാരായ ഹിനയും നിദയും പനങ്ങാട് ഗോപിനാഥമേനോൻ സ്മാരക ഹൈസ്കൂൾ വിദ്യാർത്ഥിനികളാണ്. 17 വർഷമായി കുടുംബം ഈ പ്രദേശത്ത് താമസിക്കുന്നു. ഒന്നരമാസം മുമ്പാണ് നെട്ടൂർ സൗത്ത് കോളനിയിലെ ഫൈസലിന്റെ വീട്ടിലേക്ക് താമസം മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |