മുംബയ്: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡല്‍ സമ്മാനിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. പാരീസ് ഒളിമ്പിക്‌സ് വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിന് യോഗ്യത നേടിയെങ്കിലും 100 ഗ്രാം അധികം ഭാരമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ അയോഗ്യയാക്കിയിരുന്നു.
ഒളിമ്പിക് കമ്മിറ്റി അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീല്‍ കായിക തര്‍ക്കപരിഹാര കോടതിയുടെ പരിഗണനയിലാണ് ഇപ്പോഴുള്ളത്. അതിനിടെയാണ് സച്ചിന്‍ വിനേഷിനെ പിന്തുണച്ച് രംഗത്ത് വന്നത്. വിനേഷ് വെള്ളി മെഡല്‍ അര്‍ഹിക്കുന്നുവെന്നും അവര്‍ക്ക് മെഡല്‍ നല്‍കണമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ സച്ചിന്‍ വ്യക്തമാക്കി.
ന്യായമായാണ് വിനേഷ് ഫൈനലിലേക്ക് യോഗ്യത നേടിയതെന്നും അവര്‍ക്ക് അര്‍ഹമായ മെഡല്‍ തട്ടിയെടുക്കുകയായിരുന്നുവെന്നും സച്ചിന്‍ ആരോപിച്ചു. ഉത്തേജക ഉപയോഗം പോലുള്ള മോശം പ്രവൃത്തികളുടെ പേരിലാണ് ഈ അയോഗ്യതയെങ്കില്‍ അത് മനസിലാക്കാം. എന്നാല്‍ ഇത് അങ്ങനെയല്ലെന്ന് പറഞ്ഞ അദ്ദേഹംഅര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.
അതേസമയം വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീലില്‍ ഇകായിക തര്‍ക്ക പരിഹാര കോടതിയില്‍ ഇന്ന് വാദം ആരംഭിക്കും. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് അപ്പീലില്‍ ഉള്ളത്. നേരത്തെ ഫൈനലില്‍ മത്സരിക്കാന്‍ തന്നെ അനുവദിക്കണമെന്ന താരത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഫൈനല്‍ തടയാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
രണ്ടാമത്തെ അപ്പീലിലാണ് സെമി ഫൈനല്‍ മത്സരത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിന് മുമ്പ് നടത്തിയ ഭാര പരിശോധനയില്‍ താന്‍ അനുവദനീയമായ ഭാരപരിധിക്കുള്ളിലാണെന്നും അതുകൊണ്ട് തന്നെ വെള്ളി മെഡല്‍ പങ്കിടാന്‍ ഉത്തരവുണ്ടാകണമെന്നും താരം ആവശ്യപ്പെട്ടത്. അതേസമയം ഒളിമ്പിക്‌സിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |