കൊരട്ടി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് 11.5 ലക്ഷം രൂപ തട്ടിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശികളായ അഞ്ചച്ചവടി കുരുങ്ങണ്ണാൻ വീട്ടിൽ ഇർഷാദ് (33), പൂങ്ങോട് അത്തിമന്നൻ വീട്ടിൽ ഷെഫീക് (31) എന്നിവരെയാണ് കൊരട്ടി എസ്.എച്ച്.ഒ അമൃത് രംഗനും സംഘവും അറസ്റ്റ് ചെയ്തത്. മേലൂർ കുവക്കാട്ടു സ്വദേശി ജെറിനിൽ നിന്നും 11.5 ലക്ഷം രൂപയാണ് ഇവർ കൈക്കലാക്കിയത്. മൊബൈൽ ഫോണിലേക്ക് ആകർഷകമായ വാഗ്ദാനങ്ങൾ നൽകിയാണ് യുവാവിനെയാണ് കുടുക്കിയത്.
ലിങ്കിൽ ജോയിൻ ചെയ്ത് ജെറിന്റെ വിശ്വാസം ആർജിക്കാൻ ചെറിയ ടാസ്‌കുകൾ നൽകി. ഇത് പൂർത്തീകരിച്ച മുറയ്ക്ക് ലാഭത്തോടെ പണം തിരികെ അക്കൗണ്ടിലേക്ക് നൽകി. ടാസ്‌ക് ചെയ്യാനായി കൂടുതൽ പണം ആവശ്യപ്പെട്ടു. പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിൽ ലാഭവിഹിതം അടക്കമുള്ള തുക കാണിച്ചു. പലവട്ടം ഇത് ആവർത്തിച്ചതോടെ 11.5 ലക്ഷം രൂപ ഇയാൾ നിക്ഷേപിച്ചു. 22 ലക്ഷം രൂപ സ്‌ക്രീനിൽ ക്രെഡിറ്റാവുകയും ചെയ്തു. ഇതിനിടെ ഒരു പ്രാവശ്യം പോലും ജെറിൻ തുക പിൻവലിച്ചില്ല. തന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയ തുക 22 ലക്ഷം കവിഞ്ഞതോടെ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് ബോദ്ധ്യപ്പെട്ടത്.
പണം പിൻവലിക്കണമെങ്കിൽ ആറ് ലക്ഷം രൂപ വീണ്ടും നിക്ഷേപിക്കണമെന്ന സ്ഥിതിയായി. ഇതോടെ ഇയാൾ കൊരട്ടി പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് എസ്.എച്ച്.ഒ അമൃത് രംഗന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ മലപ്പുറത്ത് നിന്നും പിടികൂടിയത്. പ്രതികളിൽ നിന്നും അറുപതോളം എ.ടി.എം കാർഡുകൾ കണ്ടെടുത്തു. കൂടുതൽ കണ്ണികൾ ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. അന്വേഷണ സംഘത്തിൽ സി.പി.ഒമാരായ പി.കെ.സജീഷ് കുമാർ, നിതീഷ് എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |