കൊല്ലം: ജന്മനാ കാഴ്ചയില്ലാത്ത ആലാട്ടുകാവ് തച്ചേഴത്ത് കിഴക്കതിൽ എസ്.കൃഷ്ണകുമാർ (55) അകക്കണ്ണിന്റെ വെളിച്ചത്തിൽ രാമായണവും ഭാഗവതവും പാരായണം ചെയ്യുന്ന വിസ്‌മയമാണ്. രാമായണത്തിലെയും ഭാഗവതത്തിലെയും ഭാഗങ്ങൾ ബ്രെയ്‌ലി ലിപിയിൽ സ്വയം പകർത്തിയാണ് പാരായണം.
തൊടുപുഴ കോളപ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചരിത്രാദ്ധ്യാപകനാണ്.
ചെറുപ്പത്തിലേ പുരാണ പാരായണം കേൾക്കാൻ ഇഷ്ടമായിരുന്നു. മണിക്കൂറുകളോളം കേട്ടുനിന്ന് പഠിക്കാൻ ശ്രമിച്ചു. അത് തനിയേ ചൊല്ലുമ്പോൾ തെറ്റുകൾ വന്നു. പിന്നീടാണ് യൂ ട്യൂബിൽ കേട്ട് ബ്രെയിലി ലിപിയിൽ പകർത്തി പഠിച്ചു തുടങ്ങിയത്. 15 വർഷമായി രാമായണവും അഞ്ചുവർഷമായി ഭാഗവതവും പാരായണം ചെയ്യുന്നു. 25 വർഷമായി ക്ഷേത്രങ്ങളിൽ പ്രഭാഷണവും നടത്തുന്നു.
ആദ്യം വീടിനടുത്തുള്ള ക്ഷേത്രങ്ങളിലായിരുന്നു പാരായണം. പരിചയക്കാർ വഴി മറ്റു ക്ഷേത്രങ്ങളിലുമെത്തി. ഒഴിവുദിവസങ്ങളിലാണ് പാരായണവും പ്രഭാഷണവും.
കേരള സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ എം.എയും എംഫില്ലും നേടി. പി.എസ്.സി ക്ലെറിക്കൽ പരീക്ഷ പാസായെങ്കിലും കാഴ്ചയില്ലാത്തതിനാൽ പരിഗണിച്ചില്ല. 2005ൽ സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഹയർ സെക്കൻഡറിയിൽ നിയമനം നൽകി. ആദ്യനിയമനം പന്മന എസ്.ബി.വി.എച്ച്.എസ്.എസിൽ. 19 വർഷമായി ഹയർ സെക്കൻഡറി അദ്ധ്യാപകനാണ്. അച്ഛൻ ശങ്കരൻ നായരും അമ്മ പരേതയായ ലക്ഷ്മിക്കുട്ടി അമ്മയും വഴികാട്ടികളായി. ഭാര്യ ലക്ഷ്മി, മകൻ അവിനാഷ്.
പകർത്തി എഴുതിയത് ബാലകാണ്ഡം
അദ്ധ്യാത്മ രാമായണത്തിലെ ബാലകാണ്ഡമാണ് ബ്രെയിലിയിൽ പകർത്തിയത്. രണ്ടുവർഷം എടുത്തു. വാമനാവതാരം, കൃഷ്ണാവതാരം, നരസിംഹാവതാരം തുടങ്ങിയ ഭാഗവത ഭാഗങ്ങളും പകർത്തി. ഇപ്പോൾ ഗർഗ ഭാഗവതം ബ്രെയിലിയിലേക്ക് മാറ്റുകയാണ്. കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് സംഘടനയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൃഷ്ണകുമാർ സജീവമാണ്.
സ്ലേറ്റും 'പെൻസിലും'
കാഴ്ച പരിമിതർ 'എഴുതാൻ' ഉപയോഗിക്കുന്ന ബ്രെയിലി സ്റ്റേറ്റും മുനയുള്ള സ്റ്റൈലസും കൊണ്ടാണ് കൃഷ്ണകുമാർ രാമായണവും ഭാഗവതവും ബ്രെയിയിലേക്ക് മാറ്റിയത്. പഴയ പേപ്പറുകളിലാണ് എഴുത്ത്. യൂ ട്യൂബിൽ കേട്ട് സമയമെടുത്താണ് പകർത്തിയെഴുത്ത്.
ചെറുപ്പം മുതൽ പുരാണകഥകൾ ഇഷ്ടമായിരുന്നു. തെറ്റുകൂടാതെ വായിക്കാനാണ് ബ്രെയിലിയിലേക്ക് പകർത്തിയത്.
കൃഷ്ണകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |