കൊല്ലം: ജഡ്ജി ചേംബറിനടുത്തേക്ക് വിളിച്ച് മൊഴിയെടുക്കുന്നതിനിടെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് രക്ഷപ്പെട്ടു. പരവൂർ കൂനയിൽ തോട്ടുംകര തൊടിയിൽ വീട്ടിൽ അഭിജിത്ത് (21, വേട്ട അഭിജിത്ത്) ഇന്നലെ രാവിലെ 11.30ഓടെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി 2ൽ നിന്നാണ് രക്ഷപ്പെട്ടത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അശ്ലീലം പറഞ്ഞ ഇയാളെ കഴിഞ്ഞ 2നാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിൽ കഴിഞ്ഞ പ്രതിയെ പുതിയൊരു പോക്‌സോ കേസിൽ അറസ്റ്റ് ചെയ്യാനാണ് കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾ പൂർത്തിയാകും മുമ്പ് ജഡ്ജിയുടെ ചേംബറിന് അടുത്ത് നിന്ന് കോടതി ജീവനക്കാർ ഉപയോഗിക്കുന്ന വാതിലിലൂടെ മുങ്ങുകയായിരുന്നു.
കോടതിയുടെ മതിൽ ചാടിയ പ്രതി ആസൂത്രണ സമിതി ഓഫീസിനുള്ളിൽ കൂടി കൊട്ടാരക്കുളം ഗണപതി ക്ഷേത്രം, ടി.ഡി റോഡുവഴിയാണ് രക്ഷപ്പെട്ടത്. സമീപത്തെ കെട്ടിടങ്ങളിലും പറമ്പിലും തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. രാത്രി വൈകിയും പൊലീസ് തെരയുകയാണ്.
കോടതിയിൽ പ്രതിയുടെ വിലങ്ങ് അഴിച്ചാണ് നിറുത്തേണ്ടത്. ഒപ്പമെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ കോടതി മുറിയുടെ വാതിലിലാണ് നിൽക്കുന്നത്. കോടതി ജീവനക്കാർക്കുള്ള വാതിലിൽ പൊലീസ് കാവലില്ല. ഇത് മനസിലാക്കിയാവാം പ്രതി രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. അഭിജിത്ത് പരവൂരിലെ വീട്ടിലെത്തിയെന്ന് വിവരം ലഭിച്ചു. പൊലീസ് എത്തും മുമ്പ് ബാഗുമായി രക്ഷപ്പെട്ടെന്നാണ് സൂചന. മോഷണം, കഞ്ചാവ് വില്പന ഉൾപ്പെടെ മറ്റ് നിരവധി കേസുകളിലും പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |