ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശിലെ ജയിലുകളിൽ നിന്ന് ഭീകരർ അടക്കം 1,200 തടവുകാർ രക്ഷപ്പെട്ടെന്നും ആയുധങ്ങളുമായി ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചേക്കുമെന്നും ബി.എസ്.എഫ് (അതിർത്തി സുരക്ഷാ സേന). ബംഗ്ലാദേശിലെ സുരക്ഷാ ഏജൻസികൾ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയതായി ബി.എസ്.എഫ് അധികൃതർ വ്യക്തമാക്കി. നിലവിൽ ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യൻ സുരക്ഷാ സേനകൾ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബി.ജി.ബി) ഓഫീസർമാരെ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നതിനാൽ ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷ ദുർബലപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. അതേസമയം, ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ മുൻ പ്രധാനമന്ത്റി ഷെയ്ഖ് ഹസീന അവിടേക്ക് മടങ്ങിപ്പോകുമെന്ന് യു.എസിലുള്ള മകൻ സജീബ് വാസേദ് ഇന്നലെ ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി. പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന തിങ്കളാഴ്ച ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.
യൂനുസിന് 27 മന്ത്രാലയങ്ങളുടെ ചുമതല
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിലെ അംഗങ്ങളുടെ ചുമതലകൾ പ്രഖ്യാപിച്ച് പ്രൊഫ. മുഹമ്മദ് യൂനുസ്. വ്യാഴാഴ്ചയാണ് മന്ത്രിമാർക്ക് തുല്യമായ 17 അംഗങ്ങൾ അടങ്ങിയ അഡ്വൈസറി കൗൺസിലിന്റെ തലവനായി (ചീഫ് അഡ്വൈസർ) യൂനുസ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിന് തുല്യമാണ് ചീഫ് അഡ്വൈസർ പദവി. പ്രതിരോധം, വിദ്യാഭ്യാസം, ഊർജ്ജം, ഭക്ഷ്യകാര്യം അടക്കം 27 മന്ത്രാലയങ്ങളുടെ മേൽനോട്ടം യൂനുസ് വഹിക്കും. മുൻ ഫോറിൻ സെക്രട്ടറി തൗഹിദ് ഹുസൈനാണ് വിദേശകാര്യം. റിട്ട. ബ്രിഗേഡിയർ ജനറൽ ഷഖാവത്ത് ഹുസൈന് ആഭ്യന്തരം. ബംഗ്ലാദേശ് ബാങ്ക് മുൻ ഗവർണർ സലീഹുദ്ദീൻ അഹ്‌മ്മദിന് ധനകാര്യം. കൗൺസിലിലെ വിദ്യാർത്ഥി നേതാക്കളായ നഹീദ് ഇസ്ലാം, ആസിഫ് മെഹ്‌മൂദ് എന്നിവർക്ക് യഥാക്രമം ഐ.ടിയും സ്‌പോർട്സും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |