വാഷിംഗ്ടൺ : യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസും തമ്മിലെ ആദ്യ ലൈവ് ടെലിവിഷൻ സംവാദം സെപ്തംബർ 10ന് നടത്തും. എ.ബി.സി ന്യൂസാണ് ഇരുവരും തമ്മിലെ നേർക്കുനേർ പോരാട്ടത്തിന് വേദിയൊരുക്കുന്നത്. ഫ്ലോറിഡയിലെ പാം ബീച്ചിലെ വസതിയിൽ വാർത്താ സമ്മേളനത്തിൽ ട്രംപ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതേ തീയതിയിൽ സംവാദം നടത്താൻ പ്രസിഡന്റ് ജോ ബൈഡനും ട്രംപും മുമ്പ് തീരുമാനിച്ചിരുന്നു. എന്നാൽ, ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി പകരം കമല സ്ഥാനാർത്ഥിയായതോടെ ഈ സംവാദത്തിൽ നിന്ന് ട്രംപ് ഒഴിഞ്ഞു. പകരം സെപ്തംബർ 4ന് കാണികളെ പങ്കെടുപ്പിച്ച് ഫോക്സ് ന്യൂസിന്റെ സംവാദത്തിൽ പങ്കെടുക്കാൻ തയാറാണെന്നും അറിയിച്ചു.
ജൂൺ 27ന് സി.എൻ.എന്നിൽ നടന്ന ആദ്യ സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബൈഡൻ പിന്മാറാൻ നിർബന്ധിതനായത്. ട്രംപ് വന്നാലും ഇല്ലെങ്കിലും ബൈഡനുമായി മുൻകൂട്ടി നിശ്ചയിച്ച എ.ബി.സി സംവാദത്തിന് താൻ എത്തുമെന്നായിരുന്നു കമലയുടെ പ്രതികരണം. ട്രംപ് ഭയന്ന് ഒഴിഞ്ഞുമാറുകയാണെന്ന് കമലയും ഡെമോക്രാറ്റുകളും പരിഹസിച്ചിരുന്നു. ഇതോടെയാണ് ട്രംപ് തീരുമാനം പിൻവലിച്ചത്.
അതേ സമയം, രണ്ട് അധിക സംവാദങ്ങൾ കൂടി വേണമെന്നാണ് ഇപ്പോൾ ട്രംപിന്റെ ആവശ്യം. സെപ്തംബർ 4ന് ഫോക്സ് ന്യൂസിലും സെപ്തംബർ 25ന് എൻ.ബി.സിയിലും നടക്കുന്ന സംവാദങ്ങളിൽ പങ്കെടുക്കാൻ താൻ തയാറാണെന്നും ട്രംപ് അറിയിച്ചു.
സെപ്തംബർ 10ലെ സംവാദത്തിന് കമല സമ്മതമറിയിച്ചു. അധിക സംവാദങ്ങൾക്ക് ഡെമോക്രാറ്റുകൾ തയാറാണെങ്കിലും ഫോക്സ് ന്യൂസ് സംവാദം നിലവിൽ പരിഗണിക്കുന്നില്ലെന്നാണ് സൂചന.
കമല മുന്നിൽ
അഭിപ്രായ സർവേയിൽ വീണ്ടും ട്രംപിനെ മറികടന്ന് കമല. വ്യാഴാഴ്ച പുറത്തുവന്ന ഒരു സർവേ റിപ്പോർട്ടിൽ ട്രംപിനേക്കാൾ (37%) അഞ്ച് പോയിന്റിന് മുന്നിലാണ് കമല (42%). മിനസോട്ട ഗവർണർ ടിം വാൽസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം കമലയുടെ ജനപ്രീതിയിൽ മുന്നേറ്റമുണ്ടായെന്നാണ് കരുതുന്നത്. നവംബർ 5നാണ് തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |