കുട്ടികളെ ആണെന്നും പെണ്ണെന്നും വേർതിരിച്ച് വളര്‍ത്തുന്നത് ആരോഗ്യമുള്ള സമൂഹത്തെ പ്രതീകൂലമായി ബാധിക്കുമെന്ന വിദഗ്ദരുടെ നീരീക്ഷണങ്ങളെ തുടര്‍ന്നാണ് ലോകമെങ്ങുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്താന്‍ ആരംഭിച്ചത്. നിരവധിപേർ ഇതിനെ അനുകൂലിച്ച് രംഗത്തെത്തി. എന്നാല്‍, ഈ വിഷയത്തെ എതിർത്ത പുതു തലമുറയിലെ കുട്ടിയുടെ കത്താണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു കൂട്ടം വിദ്യാർത്ഥികൾ തങ്ങളുടെ പ്രിൻസിപ്പാളിന് സമര്‍പ്പിച്ച ഔപചാരിക അപേക്ഷ കുട്ടികളിലൊരാളുടെ സഹോദരന്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. 'എന്‍റെ ഇളയ സഹോദരനും അവന്‍റെ ക്ലാസിലെ ആൺകുട്ടികൾക്കും ഇരിക്കാൻ ഒരു പ്രത്യേക നിര വേണം' എന്ന തലക്കെട്ടോടെയാണ് കുട്ടികളുടെ അപേക്ഷ അപൂര്‍വ എന്ന എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചത്.
"പെൺകുട്ടികൾക്ക് ഇരിക്കാൻ ക്ലാസിൽ ഒരു പ്രത്യേക വരി നൽകണമെന്ന് എല്ലാ ആൺകുട്ടികളും അഭ്യർത്ഥിക്കുന്നു. കാരണം അവർ വരികളിലെ ആദ്യ രണ്ട് സീറ്റുകൾ കൈയടക്കി വച്ചിരിക്കുകയാണ്. ഇത് കാരണം പുറകില്‍ ഇരിക്കുന്ന തങ്ങളുടെ മേശയിലേക്ക് പെൺകുട്ടികളുടെ നീണ്ട മുടി വീഴുകയാണ്. ഇത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്' എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. അപേക്ഷയിൽ അന്ന് ക്ലാസിലുണ്ടായിരുന്ന എല്ലാ ആൺകുട്ടികളുടെ ഒപ്പും ഉണ്ടായിരുന്നു.
കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ അഞ്ചര ലക്ഷത്തിലേറെ ആളുകളാണ് ഇത് കണ്ടത്. നിരവധിപേര്‍ കുട്ടികളുടെ അപേക്ഷയ്‌ക്ക് രസകരമായ മറുപടികളുമായി രംഗത്തെത്തി. 'ശ്രുതി മാം നന്നായി ചിരിച്ചിട്ടുണ്ടാകും, വളരെ ക്യൂട്ടായതിന് നിങ്ങളുടെ സഹോദരൻ ആലിംഗനം അർഹിക്കുന്നു', 'ഞാൻ എഴുതിയ അപേക്ഷയേക്കാൾ മികച്ചതാണിത്' തുടങ്ങിയ കമന്റുകളാണ് വന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |