''മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ....''ബിച്ചു തിരുമലയുടെ വരികൾക്ക് രവീന്ദ്രൻ മാഷ് ഈണം പകർന്ന് യേശുദാസ് ആലപിച്ച ഈ ഗാനം മലയാളിയുടെ പൈതൃകത്തെ ഓർമ്മപ്പെടുത്തുന്നതാണ്. ലോകത്തിന് മുന്നിൽ വിസ്‌മയം സ്ഫുരിപ്പിക്കുന്ന നൂറായിരം പൈതൃക വിശേഷങ്ങൾക്ക് അവകാശികൾ തന്നെയാണ് നമ്മൾ മലയാളികൾ. അത്തരത്തിലൊരു ഓർമ്മ പുതുക്കലിന്റെ യാത്ര വള്ളുവനാട്ടിൽ ആരംഭിച്ച് ആറ് വർഷങ്ങൾ പൂർത്തിയാവുകയാണ്. മാമാങ്കം എന്ന പേരിൽ പ്രകൃതിയെ സ്നേഹിക്കുന്ന, കേരളീയ സംസ്‌കാരത്തെയും പൈതൃകത്തേയും സ്നേഹിക്കുന്ന ഒരു സംഘം നടത്തുന്ന യാത്ര.
2018ലാണ് ഈ പൈതൃക യാത്രാ കൂട്ടായ്മ ആരംഭിച്ചത്. സായിനാഥ് മേനോൻ, ദീപു, നവീൻ, അനീഷ്, ജയേഷ്, രാജേഷ് എന്നീ ചെറുപ്പക്കാരായിരുന്നു സംഘാടകർ. വള്ളുവനാടൻ പൈതൃക കാഴ്ചകളും, സംസ്കാരവും രുചിയും , ചരിത്രവും , അമ്പലങ്ങളും, തറവാടുകളും, മനകളും, കോവിലകങ്ങളും, ഗ്രാമങ്ങളും, മഹാശിലായുഗ സ്മാരകങ്ങളും, യാത്രയിൽ പങ്കു ചേരുന്നവർക്ക് എന്താണ് എന്ന് മനസ്സിലാക്കിക്കാനും അറിയാനും വേണ്ടിയാണ് ഈ യാത്ര തുടങ്ങിയത്. സാവധാനം അത് ഏറനാട്, പാലക്കാടൻ മേഖലകളിലേക്ക് ചേക്കേറി. ഇപ്പോൾ ആറു വർഷം കൊണ്ട് 17 യാത്രകൾ ഈ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്നു.
ഏകദിന യാത്രയായും ദ്വിദിന യാത്രയായും ആണ് മാമാങ്കം ആരംഭിച്ചത്. ദ്വിദിന യാത്ര നടക്കും നേരം പഴയ ഒരു തറവാട്ടിൽ ആണ് യാത്രികർ ഒത്തുകൂടുക. പാള പാത്രത്തിൽ കഞ്ഞിയും, പുഴുക്കും ചുട്ടരച്ച ചമ്മന്തിയും ആണ് രാത്രിയിലെ ഭക്ഷണം. ഉറക്കത്തിന് വേണ്ടി പായയും തലയണയും ലഭിക്കും. പഴയ രീതിയിൽ ഒരു കൂട്ടു കുടുംബമായി താമസിക്കുക എന്നതാണ് ലക്ഷ്യം. പ്ലാസ്റ്റിക് വിരുദ്ധ,ലഹരി വിരുദ്ധ,കൂട്ടായ്മയാണിത്. ജീവിത ഭാരങ്ങൾ എല്ലാം ഉപേക്ഷിച്ച് സ്വയം മറക്കുന്ന യാത്രയാണ് മാമാങ്കം.
ആദ്യയാത്ര ഒളപ്പമണ്ണ മനയിൽ
ആദ്യ യാത്രയിൽ ഒളപ്പമണ്ണ മനയിലായിരുന്നു. പിന്നീട് നിലമ്പൂർ കോവിലകം, കക്കാട്ട് മന, മുണ്ടാരത്ത് തറവാട്, മീനിക്കോട്ട് കളം, ഹരിഹര മംഗലത്ത് വാര്യം, തുടങ്ങി അനവധി പൈതൃക ഭവനങ്ങൾ സന്ദർശിച്ചു. ചരിത്രകാരന്മാർ ആയ ബാല ഗംഗാധരൻ, രാജൻ ചുങ്കത്ത്, ബാലകൃഷ്ണൻ, വെള്ളിനേഴി അച്ചു തുടങ്ങിയവർ പല യാത്രകളിലായി അനവധി ചരിത്ര വിഷയങ്ങൾ യാത്രികർക്ക് പകർന്നു.
സേവനവും യാത്രയുടെ ലക്ഷ്യം
യാത്രയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഉണ്ട്. ഓരോ മാമാങ്കവും തുടങ്ങും നേരം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സംഘാടകർ അറിയിപ്പ് നൽകും. എപ്പോഴാണ് യാത്ര, എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത് എല്ലാം അതിലൂടെ അറിയാം. ഫീ അടച്ചു രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ യാത്രയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാം. പരമാവധി 2000 രൂപയിൽ താഴേ മാത്രമേ യാത്രയ്‌ക്കും ഭക്ഷണത്തിനും ഒരാൾക്ക് ആവുകയുള്ളൂ.
ഒരിക്കൽ യാത്രയിൽ അംഗമായി കഴിഞ്ഞാൽ പിന്നീട് എപ്പോഴും ആ വ്യക്തി ഗ്രൂപ്പിൽ ഉണ്ടാകും. യാത്ര കഴിഞ്ഞതിനു ശേഷം ആകെ ചിലവായ കണക്ക് വിവരങ്ങൾ ഗ്രൂപ്പിൽ അവതരിപ്പിക്കും. മിച്ചം വരുന്ന തുക പൈതൃക ഭവനങ്ങൾ നേരെയാക്കാൻ വേണ്ടിയോ, ക്ഷയിച്ച് കിടക്കുന്ന ക്ഷേത്രങ്ങൾക്ക് വേണ്ടിയോ, നിർദ്ധനരായ അസുഖ ബാധിതർക്കോ നൽകും.
യാത്രയിൽ പങ്കെടുക്കുന്നവരോട് എവിടേയ്‌ക്കാണ് പോകുന്നത് എന്നോ, എവിടെയാണ് താമസം എന്നോ മുൻ കൂട്ടി പറയാറില്ല. പോകുന്ന ഇടങ്ങൾ പറയാതെ ലോകത്തിൽ ഒരേ ഒരു യാത്ര കൂട്ടായ്മ മാമാങ്കമായിരിക്കുമെന്ന് സംഘാടകനായ സായിനാഥ് മേനോൻ പറയുന്നു.
''ഇന്ന് മാമാങ്കം എന്നത് ഒരു പൈതൃക യാത്രാ കൂട്ടായ്മയിൽ നിന്ന് ഒരു കൂട്ടു കുടുംബം എന്ന രീതിയിലേക്ക് മാറി.. ആറു കൊല്ലമായി സ്ഥിരമായി ഈ യാത്രയിൽ പങ്കെടുക്കുന്നവരുണ്ട്...ഒന്ന് യാത്ര തുടങ്ങാൻ വൈകി കഴിഞ്ഞാൽ അടുത്ത യാത്രാ എപ്പോഴാ എന്ന് ചോദിക്കുന്നവരും ഉണ്ട്..സന്ദർശിച്ച ഇടങ്ങളിലെ അംഗങ്ങളോരോരുത്തരും ഇപ്പോൾ ഞങ്ങളിൽ ഒരാളായി മാറി.....ഓരോ മാമാങ്കം യാത്ര കഴിയുമ്പോഴും നിർത്താം എന്ന് വിചാരിക്കും...പക്ഷേ അത് നടക്കാറില്ല...കാരണം മാമാങ്കം ഒരു ഒഴുക്കാണല്ലോ ...അത് അങ്ങനെ ഒഴുകി കൊണ്ടേ ഇരിക്കും''- സായിനാഥ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |