വാഷിംഗ്ടൺ: ഇന്ത്യയിലെ ഓരോ വിദ്യാർത്ഥികളും അവരുടെ അമേരിക്കൻ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ശരിയായ കോളേജ് തിരഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ്. യുഎസ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനും ശേഷം രാജ്യത്ത് സ്ഥിരതാമസമാക്കാനും വേണ്ടി ലക്ഷക്കണക്കിന് രൂപയാണ് ഓരോ വിദ്യാർത്ഥികളും വായ്പയായി എടുക്കുന്നത്. അമേരിക്കൻ വിദ്യാഭ്യാസത്തിന് ശേഷം ലഭിക്കുന്ന ജോലിയിൽ നിന്ന് ലഭിക്കുന്ന ഉയർന്ന ശമ്പളത്തിൽ ഈ വായ്പ പെട്ടെന്ന് തിരിച്ചടക്കാമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
എന്നാൽ ഇപ്പോഴിതാ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ഒരു സോഫ്‌റ്റ്‌വെയർ എൻജിനീയറുടെ മുന്നറിയിപ്പ് അമേരിക്കൻ വിദ്യാഭ്യാസം സ്വപ്നം കണ്ടു പോകുന്ന വിദ്യാർത്ഥികൾ തീർച്ചയായും കേൾക്കണം. നിങ്ങൾ ദയവ് ചെയ്തു അമേരിക്കയിലേക്ക് വരരുതെന്നാണ് ആദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പറും യു.എസ് ഇമിഗ്രേഷൻ നയങ്ങളുടെ അറിയപ്പെടുന്ന വിമർശകനുമായ ഇന്ത്യൻ വംശജൻ സുരേൻ ആണ് ഇപ്പോൾ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള വരാനിരിക്കുന്ന എജ്യൂക്കേഷൻ യുഎസ്എ മേളകളിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ക്ഷണിച്ചുകൊണ്ടുള്ള യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ് സോഫ്‌റ്റ്‌വെയർ എൻജിനയറുടെ മുന്നറിയിപ്പ്. 80ലധികം യുഎസ് സർവ്വകലാശാലകളിൽ നിന്നുള്ള പ്രതിനിധികളെ കാണാനും പ്രവേശനം, സ്‌കോളർഷിപ്പുകൾ എന്നിവയെ കുറിച്ചും മറ്റും അറിയാനുള്ള നിങ്ങളുടെ അവസരമാണിത്. യുഎസിൽ പഠിക്കാനുള്ള നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യുക എന്നായിരുന്നു യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പങ്കുവച്ച പോസ്റ്റ്.
എന്നാൽ ഈ പോസ്റ്റിന് പിന്നാലെ സുരേന്റെ മുന്നറിയിപ്പ് ഇങ്ങനെയായിരുന്നു. 'ഞാൻ ഇതിനോട് യോജിക്കുന്നു. 21 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് എത്തിയ ഞാൻ ഇപ്പോൾ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഞാൻ ഇന്ത്യ വിടുന്ന സമയവും ഇന്നത്തെ കാലവും വ്യത്യസ്തമാണ്. ഇപ്പോൾ, അടുത്ത 2 ദശാബ്ദങ്ങൾ ഇന്ത്യയുടെ സമയമാണ്, യുഎസ്എയേക്കാൾ മിടുക്കരായ ആളുകൾ ഇന്ത്യയിൽ വിജയിക്കും. യുഎസിൽ ഗ്രീൻ കാർഡിനായുള്ള കാത്തിരിപ്പ് ദയനീയമാണ്. മുകളിൽ സൂചിപ്പിച്ച ഘടകങ്ങൾക്കായി നിങ്ങൾ അവിടെ പോയില്ലെങ്കിൽ അത് വിലമതിക്കുന്നില്ല. നിയമപരമായ കുടിയേറ്റക്കാർക്ക് എന്നത്തേക്കാളും ഇപ്പോൾ കുടിയേറ്റം ഒരു വലിയ വേദനയാണ്'- സുരേൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സുരേന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മറ്റൊരാൾ കാനഡയുടെ അവസ്ഥയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ കുറിച്ചു. 'കാനഡയിലേക്കും നിങ്ങൾ വരരുത്. നിങ്ങൾക്ക് ചെലപ്പോൾ പൗരത്വം ലഭിക്കും. എന്നാൽ നിങ്ങൾക്ക് നല്ല ജോലി ലഭിക്കുമോ എന്ന കാര്യം സംശയമാണ്. ധാരാളം പേർക്ക് ഇവിടെ ജോലിയില്ല. പിന്നെ ക്രമസമാധാന പ്രശ്നം നമുക്ക് എല്ലാവർക്കും അറിയാമല്ലോ?'- മറ്റൊരാൾ എക്സിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |