SignIn
Kerala Kaumudi Online
Sunday, 29 September 2024 6.40 AM IST

ഭാഗവതം പാടുന്ന നൈമിഷാരണ്യം

Increase Font Size Decrease Font Size Print Page
1

നൈമിഷാരണ്യം! മഹാഭാഗവതത്തിൽ വായിച്ചറിയുന്ന പുണ്യഭൂമിയിലേക്കുള്ള തീർത്ഥയാത്രയാണ് ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ, ഗോമതി നദീതീരത്തെ നൈമിഷാരണ്യ ക്ഷേത്ര ദർശനം. ലക്‌നൗവിൽ നിന്ന് നൂറു കിലോമീറ്റർ ദൂരം. കേരളത്തിലെ ഒൻപത് നാരായണീയ ആചാര്യന്മാരെ ശ്രേഷ്ഠാചാര്യ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു യാത്രോദ്ദേശ്യം. പഴയൊരു കേരളീയ ഗ്രാമത്തിന്റെ തനിപ്പകർപ്പായൊരു ഗ്രാമം. ഇടവഴികളും വേലിപ്പടർപ്പുകളും കൊച്ചുകൊച്ചു വീടുകളുമൊക്കെയാണ് ചുറ്റിലും. കൃഷിസ്ഥലങ്ങളാണ് കൂടുതലും.

കരിമ്പും ചോളവും കടുകും ഗോതമ്പും വിളയുന്ന വിശാലമായ പാടങ്ങൾ.

നൈമിഷാരണ്യത്തിലെ ത്രിശക്തിധാം ഒരു ക്ഷേത്രസമുച്ചയമാണ്. ആന്ധ്രാപ്രദേശിലെ ഒരു ട്രസ്റ്റ് ആണ് ത്രിശക്തിധാം നിർമ്മിച്ചിരിക്കുന്നത് എന്നതുകൊണ്ടുതന്നെ ദക്ഷിണേന്ത്യൻ ക്ഷേത്ര ശില്പകലയുടെ പ്രത്യേകതകളും ശൈലിയും ഇവിടെ കാണാം. ചതുർബാഹുവായ മഹാവിഷ്ണുവിന്റെയും സിംഹാരൂഢയായ പാർവതീ ദേവിയുടെയും ധ്യാനനിരതനായ ശിവഭഗവാന്റെയും ചേതോഹര ശില്പങ്ങൾ ക്ഷേത്രത്തിനു മുന്നിലുണ്ട്. ശംഖചക്ര പത്മഗദാധാരിയായ മഹാവിഷ്ണുവിന്റെ ശില്പത്തിന് ഏതാണ്ട് നാലാൾ പൊക്കമുണ്ട്. അതുപോലെതന്നെയാണ് ആറു കൈകളോടുകൂടിയ പാർവതീദേവിയുടെ ശില്പവും. വളരെ ഉയരത്തിലുള്ള പടവുകൾ കയറി വേണം ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ. ക്ഷേത്രത്തിനകത്ത് ദേവിയുടെ ഒമ്പതു ഭാവത്തിലുള്ള ശ്രീകോവിലുകൾ.

വ്യാസഗദ്ദി

വേദവ്യാസ ഭഗവാൻ തപസനിഷ്ഠിച്ചത് ഈ ശ്രേഷ്ഠ ഭൂമിയിലായിരുന്നത്രേ. പതിനെട്ടു പുരാണങ്ങളും പതിനെട്ട് ഉപപുരാണങ്ങളും വ്യാസ ഭഗവാൻ രചിച്ചത് ഇവിടെ വച്ചായിരുന്നു. ഇവിടെ വ്യാസ ഭഗവാന് ഒരു ക്ഷേത്രമുണ്ട്. തൊട്ടടുത്ത് ഗണപതി പ്രതിഷ്ഠ. വ്യാസഭഗവാൻ പറഞ്ഞുകൊടുത്തതു മുഴുവൻ പകർത്തിയെഴുതിയത് ഗണപതിയായിരുന്നുവത്രേ! അയ്യായിരം വർഷം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഒരു അരയാൽ ഈ വ്യാസക്ഷേത്രത്തിനു മുന്നിലുണ്ട്. ഗോമതി നദീതീരത്ത് രുദ്രകുണ്ഡ്. ഇവിടെ നദിയുടെ ആഴത്തിൽ ശിവലിംഗമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രുദ്രകുണ്ഡിൽ കൂവളത്തിലയും പുഷ്പങ്ങളും സമർപ്പിക്കുമ്പോൾ കൂവളത്തില മാത്രം നദിയുടെ ആഴങ്ങളിലേക്കു പോകും. ശിവലിംഗത്തിൽ അർച്ചന ചെയ്യാനാണെന്നാണ് ഭക്തവിശ്വാസം. പുഷ്പങ്ങൾ മാത്രം പൊങ്ങിക്കിടക്കും. അദ്ഭുതകരമായൊരു കാഴ്ചയാണ് അത്.

സൂതഗദ്ദി

സൂതൻ ശൗനകാദി മഹർഷിമാർക്ക് പുരാണം പറഞ്ഞുകൊടുത്ത സ്ഥലമാണ് സൂതഗദ്ദി. ഗദ്ദി എന്നാൽ പീഠം. ശൗനകാദി മഹർഷിമാർക്ക് സൂതൻ ഉപദേശം നൽകുന്ന ഒരു ഛായാചിത്രം ഇവിടെയുണ്ട്. ഇതിനോടു ചേർന്ന് താഴത്തെ ഹാളിലായിരുന്നു,​ ശ്രേഷ്ഠാചാര്യ പുരസ്കാര സമർപ്പണ ചടങ്ങും നാരായണീയ പാരായണവും. കലിബാധ ഇല്ലാത്തതിനാൽ ഇവിടെയിരുന്ന് നാമം ജപിക്കുന്നതും നമസ്കരിക്കുന്നതും ദാനം ചെയ്യുന്നതും അതീവ പുണ്യമായി കരുതപ്പെടുന്നു. ഹാളിലിരുന്ന് നാരായണീയ പാരായണം നടത്തുമ്പോൾ ശരീരത്തിലേക്ക് ഉന്മേഷദായകമായൊരു ഊർജ്ജം വന്നു നിറയുന്നതു പോലെ!

ഭാരതീയ ഇതിഹാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ് നൈമിഷാരണ്യം. ദ്വാപരയുഗത്തിൽ കലിബാധയെക്കുറിച്ച് വ്യാകുലപ്പെട്ട മഹർഷിമാർ ബ്രഹ്മാവിനെ കണ്ട് സങ്കടം ഉണർത്തിച്ചുവത്രേ. ബ്രഹ്മദേവൻ ഒരു ചക്രം കൊടുത്തിട്ട്,​ അത് ഉരുട്ടിക്കൊണ്ടുപോകാൻ പറഞ്ഞു. ചക്രം എവിടെച്ചെന്നു തറയ്ക്കുന്നുവോ അവിടം കലിബാധയില്ലാത്ത സ്ഥലമായിരിക്കുമെന്നും പറഞ്ഞു. ലോകങ്ങൾ കടന്ന് ഈ ചക്രം ഭൂമിയിൽ വന്ന് തറച്ച സ്ഥലമാണ് നൈമിഷാരണ്യം എന്നാണ് വിശ്വാസം. നൈമി എന്നാൽ ചക്രം. ആരണ്യമെന്നാൽ കാട്.

അന്ന് ഈ ഭൂപ്രദേശം മുഴുവൻ കൊടുങ്കാടായിരുന്നു. ആ ചക്രം പതിച്ച സ്ഥലത്താണ് ചക്രതീർത്ഥം രൂപപ്പെട്ടത്. ചക്ര തീർത്ഥത്തിനു ചുറ്റും ഒരു പരിക്രമണ പാതയുണ്ട്. അവിടെയാണ് ഭക്തജനങ്ങൾ സ്നാനം ചെയ്യുന്നത്. ഞങ്ങൾ ചെന്ന ദിവസം അമാവാസി ആയിരുന്നതുകൊണ്ട് നല്ല തിരക്ക്. അഞ്ചുലക്ഷത്തോളം ആളുകളാണ് അന്ന് അവിടെ സ്നാനത്തിനായി തടിച്ചുകൂടിയിരുന്നത്. ചക്രതീർത്ഥത്തിലെ ജലം എന്നും ഒഴുക്കിക്കളഞ്ഞ് ശുദ്ധജലം നിറയ്ക്കുന്നു. ഗോമതി നദിയിലെ തീർത്ഥജലമാണ് ഈ ചക്രതീർത്ഥത്തിൽ നിറയുന്നത്.

ശുകമുനി പരീക്ഷിത്തിന് ഉപദേശിച്ച മഹാഭാഗവതം മുഴുവനും കേട്ട് മന:പാഠമാക്കിയ സൂതൻ അത് നൈമിഷാരണ്യത്തിൽ വച്ച് മഹർഷിമാർക്ക് ഉപദേശിച്ചുവെന്നാണ് ഭാഗവതം പറയുന്നത്. സൂതൻ എന്നത് കഥ പറയുന്നയാളാണ്. പ്രധാനപ്പെട്ട രണ്ട് സൂതന്മാരാണ് പുരാണത്തിൽ പറയുന്നത്. അച്ഛൻ രോമഹർഷണനും മകൻ ഉഗ്രശ്രവസും. ഉഗ്രശ്രവസ് നന്നായി ഭാഗവതാഖ്യാനം നടത്തി. ഉഗ്രശ്രവസിന്റെ ഭാഗവതാഖ്യാനമാണ് ഇന്ന് നമുക്ക് പുസ്തകരൂപത്തിൽ കിട്ടുന്ന ഭാഗവതം. വേദവ്യാസൻ നേരിട്ട് ഉപദേശിക്കുന്നതല്ല നമുക്കു കിട്ടുന്ന ഭാഗവതമെന്ന് അർത്ഥം. ഉഗ്രമായി കേൾക്കുന്നവൻ എന്നാണ് ഉഗ്രശ്രവസ്സിന്റെ അർത്ഥം.

ദധീചികുണ്ഡ്

ദധീചി മഹർഷി തപസു ചെയ്തിരുന്നതും ഇവിടെവച്ചു തന്നെ. വൃത്രാസുര നിഗ്രഹത്തിനായി വജ്രായുധം പണിയാൻ ദേവേന്ദ്രൻ മഹർഷിയുടെ നട്ടെല്ല് ആവശ്യപ്പെട്ടു. നശിച്ചുപോകുന്ന ഈ ശരീരം കൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടാകുന്നെങ്കിൽ അതിൽപ്പരം പുണ്യം മറ്റെന്തുണ്ട് എന്നാണ് ദധീചി മഹർഷി പറഞ്ഞത്. ശരീരം ത്യജിക്കുന്നതിനു മുമ്പ് എല്ലാ പുണ്യതീർത്ഥങ്ങളിലും സ്നാനം ചെയ്യണമെന്ന് മഹർഷി ആവശ്യപ്പെട്ടു. ദേവേന്ദ്രൻ എല്ലാ പുണ്യനദികളിലെയും തീർത്ഥജലം കൊണ്ടുവന്ന് മഹർഷിയെ അഭിഷേകം ചെയ്യിച്ചു. ഈ ജലമെല്ലാം ചേർന്ന് വലിയൊരു തടാകമായി രൂപാന്തരപ്പെട്ടതാണ് ദധീചികുണ്ഡ്. ഇവിടെ സ്നാനം ചെയ്യുന്നത് അത്യന്തം പുണ്യകരമാണെന്ന് കരുതപ്പെടുന്നു. ഇവിടെവച്ച് ദേഹത്യാഗം ചെയ്ത മഹർഷിയുടെ നട്ടെല്ലുകൊണ്ട് ദേവേന്ദ്രൻ വജ്രായുധമുണ്ടാക്കി വൃത്രാസുരനെ നിഗ്രഹിച്ചു. ദധീചി മഹർഷിക്കായുമുണ്ട്,​ ഇവിടെ ഒരു ക്ഷേത്രം. അതിനോടനുബന്ധിച്ചു തന്നെയാണ് ദധീചികുണ്ഡ്.

അഖില ഭാരത നാരായണീയ സമിതിയുടെയും പ്രശാന്തി വിശ്വഭാരത ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ശ്രേഷ്ഠാചാര്യ പുരസ്കാര സമർപ്പണ ചടങ്ങും നാരായണീയ പാരായണവും. ഞങ്ങളുടെ ഗുരുവായ ലക്ഷ്മി ഹരിഹരൻ ഉൾപ്പെടെ ഒമ്പത് നാരായണീയ ഗുരുക്കന്മാരെയാണ് അന്ന് അവിടെ ആദരിച്ചത്. ഞങ്ങൾ ഇരുപത്തിനാല് ശിഷ്യകൾ ടീച്ചറെ അനുഗമിച്ചിരുന്നു. സൂതപീഠത്തിൽ നടന്ന ചടങ്ങിൽ ഉത്തർപ്രദേശ് ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ഡോ. ദയാശങ്കർ ദയാലുവും സൂതപീഠ ആചാര്യൻ മനീഷ് ശാസ്ത്രിയും ചേർന്ന് ഗുരുക്കന്മാരെ ആദരിച്ച് ഉപഹാരങ്ങൾ നൽകി. ഞങ്ങൾ കുറച്ചുപേർക്ക് സഹ ആചാര്യപദവിയും നല്കി.

രണ്ടുകോടിരൂപ ചെലവിൽ അവിടെ സത്യനാരായണമൂർത്തിയുടെ ഒരു ക്ഷേത്രം പണിയാനും സൂതപീഠവും ക്ഷേത്രങ്ങളുമൊക്കെ കാശിയിലേതുപോലെ പുതുക്കിപ്പണിയാനും പദ്ധതിയുണ്ടെന്ന് പ്രസംഗത്തിൽ മന്ത്രി വിശദീകരിച്ചു. ചടങ്ങിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ ആചാര്യൻ തിരുവനന്തപുരത്തു നിന്ന് വന്ന ഹരിദാസ് ജി ആയിരുന്നു. തൊണ്ണൂറ്റിരണ്ടുകാരനായ അദ്ദേഹം പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ ഊർജ്ജസ്വലനായിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി തിരുവനന്തപുരത്ത് Haridasji Institute of Narayaneeyam Studies and Research Centre എന്നൊരു സ്ഥാപനം നടത്തുകയാണ് അദ്ദേഹം. നാരായണ മന്ത്രം മാത്രം ജപിച്ച് നാലു നാളുകൾ ഭക്തിസാന്ദ്രമായി കഴിച്ചുകൂട്ടിയതിന്റെ ആത്മീയ നിർവൃതിയാണ് മനസു നിറയെ ഇപ്പോഴും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TEMPLE, TEMPLES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.