സിനിമയിലേക്ക് വരുമ്പോൾ എല്ലാവരും കാണുന്ന സ്വപ്നം. ഈ സ്വപ്നം തന്നെ ദുർഗകൃഷ്ണയും കണ്ടു. അഭിനയ ജീവിതത്തിൽ ആദ്യമായി എം.ടി കഥാപാത്രത്തിന് ജീവൻ പകർന്നതിന്റെ ആഹ്ളാദത്തിൽ ദുർഗകൃഷ്ണ. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ 54 വർഷം മുൻപ് പി.എൻ. മേനോൻ സംവിധാനം ചെയ്ത ഒാളവും തീരവും പ്രിയദർശൻ പുനഃസൃഷ്ടിക്കുമ്പോൾ ബാപ്പുട്ടിയായി മോഹൻലാലും നബീസയായി ദുർഗകൃഷ്ണയും. എം.ടിയുടെ ഒൻപത് കഥകളുടെ സമാഹാരമായ മനോരഥങ്ങൾ എന്ന ആന്തോളജി സീരീസിലൂടെ ഒാളവും തീരവും ആഗസ്റ്റ് 15ന് സി 5 ഒ.ടി.ടി പ്ളാറ്റ് ഫോമിൽ സ്ട്രീം ചെയ്യുന്ന പശ്ചാത്തലത്തിൽ ദുർഗകൃഷ്ണ സംസാരിക്കുന്നു.
എം.ടി .കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് എങ്ങനെ വിലയിരുത്തുന്നു?
വലിയ സ്വപ്നവും വലിയ ഭാഗ്യവും. എന്റെ ഡ്രീം പ്രോജക്ടാണ് ഓളവും തീരവും. എന്നെങ്കിലും ഒരു എം.ടി കഥാപാത്രത്തിന് ജീവൻ കൊടുക്കാൻ കഴിയണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് യാഥാർത്ഥ്യമായതിൽ അഭിമാനം തോന്നുന്നു. ഓളവും തീരത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനിലാണ് എം.ടി സാറിനെ ആദ്യമായി കാണുന്നത്. അന്ന് സാറിന്റെ 89 -ാം പിറന്നാളായിരുന്നു. ലൊക്കേഷനിൽ ചെറിയ ഒരു ആഘോഷം ഉണ്ടായിരുന്നു. ഞങ്ങളോടൊപ്പമിരുന്നു സദ്യ കഴിച്ചു. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം തന്ന ദിവസം. ഓളവും തീരവും കാണുകയും നബീസയാകാൻ വേണ്ട എല്ലാ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ലൊക്കേഷനിൽ എത്തിയപ്പോൾ പ്രിയൻ സാർ എല്ലാം പൊളിച്ചടുക്കി. സാറിന്റെ മനസിലെ നബീസയെ പറഞ്ഞുതന്നു. അതായിരുന്നു പിന്നീട് ഞാൻ അവിടെ കാഴ്ചവച്ചത്.അന്നത്തെ പോലെ തന്നെ ബ്ളാക് ആന്റ് വൈറ്റിലാണ് ഓളവും തീരവും.
ആദ്യമായി മോഹൻലാലിന്റെ നായിക?
റാമിൽ ആണ് ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. എനിക്ക് എന്തോ ലോട്ടറി അടിച്ചപോലെ അപ്പോൾ തോന്നി.ഒാളവും തീരത്തിൽ ലാലേട്ടന്റെ നായികയാകുന്നുവെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി.ആ സന്തോഷം വാക്കുകളിൽ പ്രകടിപ്പിക്കാൻ പോലും കഴിഞ്ഞില്ല. ഒരു മോഹൻലാൽ ആരാധിക എന്ന നിലയിൽ എനിക്ക് ഇതിലും വലുതൊന്നും കിട്ടാനില്ലെന്ന് തോന്നുന്നു.
പ്രിയദർശൻ സിനിമയുടെ ഭാഗമായപ്പോൾ എന്താണ് അനുഭവപ്പെട്ടത് ?
പ്രിയൻ സാറിന്റെയും ലാലേട്ടന്റെയും സിനിമകൾ കണ്ടും അവരെ ആരാധിച്ചും വളർന്നവരാണ് മലയാളികൾ. അതിൽ ഒരാളുതന്നെയാണ് ഞാനും. സിനിമയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയില്ല. ഞാൻ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നവരെ കാണാനും അവരോടോപ്പം പ്രവർത്തിക്കാൻ കഴിയുന്നതും എന്റെ നേട്ടമായാണ് കാണുന്നത്. ആദ്യമായാണ് പ്രിയൻ സാറിന്റെ സിനിമയിൽ അഭിനയിക്കുന്നത്. സന്തോഷ് ശിവൻ സാറിന്റെ ഒരു ഫ്രെയിമിൽ എങ്കിലും മുഖം കാണിക്കണം എന്നതും എന്റെ വലിയ ആഗ്രഹമായിരുന്നു. കാലാപാനി കഴിഞ്ഞ് 28 വർഷത്തിനുശേഷം മോഹൻലാലും പ്രിയദർശനും സന്തോഷ് ശിവനും ഒരുമിക്കുന്ന സിനിമയാണ് ഓളവും തീരവും. എം.ടി സാറിന്റെ തിരക്കഥ .ഞാൻ ആഗ്രഹിച്ച എല്ലാംകൂടി ഒത്തുച്ചേർന്ന സിനിമയാണ് മനോരഥങ്ങൾ. എല്ലാ ആഗ്രഹവും നടത്തി തന്ന സർവേശ്വരൻ ഇതിനും നല്ല ഫലം തന്നെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |