കൊച്ചിയിൽ ജനിച്ചു വളർന്ന് അമേരിക്കയിൽ ചേക്കേറി കുടുംബിനിയുടെ വേഷത്തിൽ ജീവിതം മുന്നോട്ടു പായുമ്പോൾ രേഖ ഹരീന്ദ്രൻ കരുതിയില്ല നാളെ സിനിമയിലേക്ക് നായികാടിക്കറ്റ് എടുക്കുമെന്ന്. പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ ഉയർന്ന ജോലിയുടെ തിരക്കും ന്യൂയോർക്ക് ഫാഷൻ വീക്ക് സമ്മാനിക്കുന്ന തിളക്കവും അറിയപ്പെടുന്ന ഡാൻസർ എന്ന പ്രശസ്തിയിലുമായിരുന്നു അതുവരെ രേഖ .
സിനിമയ്ക്കായി ഒത്തുകൂടിയ രേഖ ഹരീന്ദ്രൻ ഉൾപ്പെടുന്ന ഒരു സംഘം അമേരിക്കൻ മലയാളികളുടെ സൂപ്പർ ടാലന്റിൽ പിറന്ന ചെക് മേറ്റ് തിയേറ്രറിലുണ്ട്. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച സിനിമയിൽ അനൂപ് മേനോനാണ് നായകൻ. ജെസി എന്ന നായികയുടെ വേഷത്തിൽ രേഖ ഹരീന്ദ്രൻ .ഹരിശ്രീ അശോകൻ ഉൾപ്പെടെ ഒട്ടേറെ കലാകാരന്മാരെ വളർത്തികൊണ്ടു വന്ന ഹരിശ്രീ ട്രൂപ്പിന്റെ ഉടമയും സിദ്ധിഖ്- ലാൽ ആദ്യമായി തിരക്കഥ എഴുതിയ പപ്പൻ പ്രിയപ്പെട്ട പപ്പന്റെ നിർമ്മാതാവുമായ ഹരിശ്രീ ഹരീന്ദ്രന്റെ മകൾ എന്ന വിലാസത്തിൽനിന്ന് ആരംഭിക്കുന്നതാണ് രേഖയുടെ സിനിമാബന്ധം.
125 ദിവസത്തെ
ചിത്രീകരണം
നായികയായി അഭിനയിക്കുന്ന ആദ്യ സിനിമയാണ് ചെക് മേറ്റ്. അച്ഛൻ നിർമ്മിച്ച പപ്പൻ പ്രിയപ്പെട്ട പപ്പനിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് സീഡ് എന്റർടെയ്ൻമെന്റ്സ് എന്ന നിർമ്മാണ കമ്പനി ആരംഭിച്ചു. അതിന്റെ സംരംഭമാണ് ചെക് മേറ്റ്. അനൂപ് മേനോൻ, ലാൽ എന്നിവർ ഒഴികെ ക്യാമറയുടെ മുൻപിലും പിൻപിലും അധികംപേരും അമേരിക്കൻ മലയാളികളാണ്.
സർഗാത്മകത നിറഞ്ഞ കലാകാരൻമാരും കലാകാരികളുമാണ് എല്ലാവരും. സംവിധായകൻ രതീഷ് ശേഖർ തിരക്കഥ, സംവിധാനം, സംഗീതം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നു. യുഎസിലെ കണക്ടിക്കട്ടിൽ ജൂഡിഷ്യറി ഡിപ്പാർട്ട് മെന്റിൽ ചീഫ് ടെക്നിക്കൽ ഓഫീസറാണ് രതീഷ്. മൈൻഡ് ഗെയിം ത്രില്ലറായ ചെക് മേറ്രിന് ന്യൂയോർക്ക്, ബോസ്റ്റൺ, വെർമോണ്ട്, കണക്ടിക്കട്ട് എന്നിവിടങ്ങളിലായി 125 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ഓഡിഷൻ വഴിയാണ് സിനിമയുടെ ഭാഗമാകുന്നത്. അഭിനയ പരിചയം ഇല്ലാത്തതിനാൽ എന്നെത്തന്നെ വിലയിരുത്താൻ കിട്ടിയ അവസരം കൂടിയായിരുന്നു. സിനിമയിൽ ഒരുപാട് പഠിക്കാനുണ്ടെന്ന് തിരിച്ചറിഞ്ഞു. ആക്ടിംഗ് വർക് ക്ഷോപ്പിന്റെ ഭാഗമായശേഷമാണ് ഞങ്ങൾ ക്യാമറയുടെ മുൻപിലേക്ക് വന്നത്. 8 മാസം ധന്യ സുരേഷ് മേനോന്റെ സഹായത്തോടെ പരിശീലനം. ചെക് മേറ്റിന്റെ സംഭാഷണം എഴുതിയത് ധന്യയാണ്. ധന്യ എഴുതിയ പാട്ടും സിനിമയിലുണ്ട്. ഡാൻസും മോഡലിംഗും തുടരുമ്പോൾ സിനിമ ഞാൻ മനസിൽ കൊണ്ടു നടക്കുന്നുണ്ടായിരുന്നു.ആ ആഗ്രഹം സാധിച്ചതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. വിവാഹ ശേഷമാണ് അമേരിക്കയിൽ എത്തുന്നത്.
ഭർത്താവ് ജഗ്ദീഷ്. മകൻ സിദ്ധാർത്ഥ്. എട്ടാം ക്ളാസിൽ പഠിക്കുന്നു. കുടുംബം നൽകുന്ന പിന്തുണ വളരെ വലുതാണ്. ഒരു കാര്യം തുടങ്ങി വച്ചാൽ നന്നായിത്തന്നെ പൂർത്തിയാക്കാനാണ് എനിക്കെന്നും ഇഷ്ടം. എന്റെ കഴിവിൽ എനിക്ക് നല്ല വിശ്വാസമുണ്ട്. ഇനിയും നല്ല സിനിമയുടെ ഭാഗമാകാനാണ് ആഗ്രഹം. നല്ല അവസരം ലഭിച്ചാൽ വീണ്ടും അഭിനയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |