ഇക്കഴിഞ്ഞ ജൂലായിൽ സംസ്ഥാനത്തെമ്പാടും 19 ലക്ഷം ഈന്തപ്പനകൾ വച്ചു പിടിപ്പിക്കാൻ ഒഡീഷ സർക്കാർ തീരുമാനിച്ചു. ഇടിമിന്നൽ മൂലമുള്ള മരണങ്ങൾ തടയുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനം. 2015 ൽ ഒഡീഷ സംസ്ഥാനം ഇടിമിന്നൽ കാരണം സംഭവിക്കുന്ന നഷ്‌ടങ്ങളെ നിർദ്ദിഷ്ട ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഇടിമിന്നലിൽ 3,790 പേർക്കാണ് ഒഡീഷയിൽ ജീവൻ നഷ്ടപ്പെട്ടത്, കഴിഞ്ഞ മൂന്ന് വർഷം മാത്രം 791 പേർ ഇടിമിന്നലേറ്റ് മരിച്ചു. 2023 സെപ്റ്റംബർ 2 ന് രണ്ട് മണിക്കൂർ ഇടവേളയിൽ 61,000 ഇടിമിന്നലുകൾ ഒരു സംസ്ഥാനത്ത് രേഖപ്പെടുത്തി എന്നറിയുമ്പോഴാണ് അതിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് മനസിലാവുക.
ഇടിമിന്നലിൽ വലയുന്ന ജനത
2021-22ൽ ഇടിമിന്നലേറ്റ് 282 പേരും 2022-23 ൽ 297 പേരും 2023-24 ൽ 212 പേരും മരണപ്പെട്ടതായാണ് സ്പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം. മയൂർഭഞ്ച്, കിയോഞ്ചർ, ബാലസോർ, ഭദ്രക്, ഗഞ്ചം, ദെങ്കനാൽ, കട്ടക്ക്, സുന്ദർഗഡ്, കോരാപുട്ട്, നബരംഗ്‌പൂർ എന്നീ ജില്ലകളിലാണ് ഇടിമിന്നലുമായി ബന്ധപ്പെട്ട മരണങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്തത്. 2016 മുതൽ ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് സഹായധനമെന്നോണം നാല് ലക്ഷം രൂപയാണ് ഒഡീഷ സർക്കാർ നൽകിവരുന്നത്.
എന്തുകൊണ്ടാണ് ഒഡീഷയിൽ ഇത്രമാത്രം ഇടിമിന്നൽ
ശാസ്ത്രീയമായി, മിന്നൽ എന്നത് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ദ്രുതഗതിയിലുള്ളതും വൻതോതിലുള്ളതുമായ വൈദ്യുതിയുടെ ഒഴുക്കാണ്. അതിൽ ചിലത് ഭൂമിയിലേക്ക് പതിക്കും. ഒഡീഷയുടെ പാരിസ്ഥിതികമായ കിടപ്പുതന്നെയാണ് ഇടിമിന്നൽ അവിടെ ഏറ്റവും കൂടുതൽ ബാധിക്കുന്നതിന് കാരണവും. ഉഷ്ണമേഖലാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ കിഴക്കൻ തീരദേശ സംസ്ഥാനം, അതിന്റെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ മിന്നൽ ആക്രമണങ്ങൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.
ക്ലൈമറ്റ് റെസിലിയന്റ് ഒബ്സർവിംഗ് സിസ്റ്റംസ് പ്രൊമോഷൻ കൗൺസിലും (സിആർഒപിസി) ഇന്ത്യൻ കാലാവസ്ഥാ വകുപ്പും പ്രസിദ്ധീകരിച്ച വാർഷിക മിന്നൽ റിപ്പോർട്ട് 2023-2024 പ്രകാരം കിഴക്കൻ, മദ്ധ്യ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ക്ലൌഡ്-ടു-ലൈറ്റ്‌നിംഗ് (സിജി) സ്ട്രൈക്കുകൾ നടക്കുന്നത്. മിന്നൽ ആക്രമണങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പങ്ക് വളരെയേറെയാണ്. അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന ഓരോ ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവും മിന്നൽ പ്രവർത്തനങ്ങളിൽ ഏകദേശം 10 ശതമാനം വർദ്ധനവ് വരുത്തുന്നുണ്ട്.
ബാലസോറിലെ ഫക്കീർ മോഹൻ സർവകലാശാലയിലെ ജിയോഗ്രഫി പ്രൊഫസറായ മനോരഞ്ജൻ മിശ്രയുടെ അഭിപ്രായത്തിൽ, മൺസൂണിന് മുമ്പും ശേഷവുമുള്ള കാലാവസ്ഥാ ഘടകങ്ങൾ ഇടിമിന്നൽ സാദ്ധ്യതയെ സ്വാധീനിക്കുന്നുണ്ട് എന്നാണ്. കാലാവസ്ഥാ ഘടകങ്ങളായ സമുദ്ര താപനിലയും അന്തരീക്ഷത്തിന്റെ സംവഹന ഊർജ്ജവും ചുഴലിക്കാറ്റ് പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നതാണ് ഒഡീഷയെ പ്രത്യേകിച്ചും അപകടസാദ്ധ്യതയുള്ളതാക്കുന്നത്.
ഇരയാകുന്നതിൽ അധികവും കർഷകർ
ഒഡീഷയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരും കൃഷിയെയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്, കൂടാതെ തുറസ്സായ സ്ഥലങ്ങളിൽ ദീർഘനേരം ജോലി ചെയ്യേണ്ടി വരുന്നത് അവരെ മിന്നൽ ആക്രമണങ്ങൾക്ക് ഇരയാക്കുന്നു.
ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഒഡീഷയിൽ ഏറ്റവും കൂടുതൽ ഇടിമിന്നലുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാരണം സംസ്ഥാനത്ത് വിളവെടുപ്പ് ഏറ്റവും കൂടുതൽ നടന്നത് ഈ മാസങ്ങളിലായിരുന്നു.
ഈന്തപ്പന കൊണ്ടുള്ള പ്രതിരോധം
മറ്റ് മരങ്ങളിൽ നിന്ന് വിഭിന്നമായി പനമരങ്ങളുടെ മിന്നൽ ചാലകത സവിശേഷമാണ്. അവയുടെ ഉയരം മറ്റൊരു അനുകൂലഘടകമാണ്. തടിക്ക് ഈർപ്പം കൂടുതലായതിനാൽ മിന്നൽ ആഗിരണം ചെയ്യാനും ഭൂമിയിൽ അതിന്റെ നേരിട്ടുള്ള സ്വാധീനം കുറയ്ക്കാനും കഴിയും.
നിർദ്ദിഷ്ട പദ്ധതിക്കായി സ്പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസ് ഏഴ് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള പനമരങ്ങൾ മുറിക്കുന്നത് സംസ്ഥാനം നിരോധിച്ചിട്ടുണ്ട്, തുടക്കത്തിൽ 19 ലക്ഷം പനമരങ്ങൾ വനത്തിന്റെ അതിർത്തികളിൽ നട്ടുപിടിപ്പിക്കും.
ആശങ്കയും കുറവല്ല
പന വച്ചുപിടിപ്പിക്കാനുള്ള നിർദേശത്തോട് ചില കോണുകളിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്. 20 അടി ഉയരം കൈവരിക്കാൻ കുറഞ്ഞത് 15 മുതൽ 20 വർഷം വരെ പനയ്‌ക്ക് വേണ്ടിവരുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇടിമിന്നലിനെ തുടർന്ന് ചില മരങ്ങൾക്ക് തീപിടിച്ചേക്കാമെന്ന ആശങ്കയുമുണ്ട്. ശരിയായ ഡാറ്റ വിശകലനത്തിലൂടെ കൂടുതൽ സമഗ്രവും കാര്യക്ഷമവുമായ പദ്ധതി ആവിഷ്‌കരിക്കണമെന്നാണ് ഒരു വിഭാഗം സർക്കാരിനോട് ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |