ആലപ്പുഴ: ഭക്ഷ്യവിഷബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല സ്വദേശിനി ജെ ഇന്ദു (42) ആണ് മരിച്ചത്. തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു.
വ്യാഴാഴ്‌ച രാത്രി ഇന്ദു തുമ്പ കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചെന്നും പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
അടുത്തിടെ ഹരിപ്പാട് സ്വദേശി അരളിപ്പൂവ് ചവച്ചതിന് പിന്നാലെ മരണപ്പെട്ടിരുന്നു. സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചത്. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ - അനിത ദമ്പതികളുടെ മകളായ സൂര്യ സുരേന്ദ്രൻ (24) ഏപ്രിൽ 29 തിങ്കളാഴ്‌ച പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചത് മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
യു.കെയിൽ നഴ്സിംഗ് ജോലി കിട്ടി, യാത്രയ്ക്കു പുറപ്പെടുന്നതിനു മുമ്പ് അയൽവീടുകളിൽ യാത്രപറയാൻ പോയതായിരുന്നു സൂര്യ. മടങ്ങുംവഴി മൊബൈലിൽ കാൾ വന്നപ്പോൾ അടുത്തുള്ള അരളിച്ചുവട്ടിൽ നിന്ന് ഫോണെടുത്തു. സംസാരത്തിനിടെ അരളിയുടെ ഇലയും പൂവും പറിച്ചെടുത്ത് വെറുതെ അതിന്റെ തുമ്പ് വായിൽവച്ചു കടിച്ചു. പെട്ടെന്ന് തുപ്പിക്കളയുകയും ചെയ്തു.
ഏപ്രിൽ 28 ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് സൂര്യയും കുടുംബവും യാത്ര തിരിച്ചത്. യാത്രയ്ക്കിടെ പലതവണ ഛർദ്ദിച്ചെങ്കിലും ഭക്ഷണത്തിന്റേതാണെന്ന് കരുതി. രാത്രി എട്ട് മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ സൂര്യയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
സംഭവത്തെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് കൊടുക്കുന്ന പ്രസാദങ്ങളിൽ നിവേദ്യത്തിലും അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കുന്നതിൽ തടസമില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |