തിരുവനന്തപുരം: സംസ്ഥാന സിലബസിൽ എട്ട്, ഒൻപത് ക്ലാസുകളിൽ മിനിമം മാർക്ക് നിർബന്ധമാക്കി സർക്കാർ വിജ്ഞാപനമിറക്കി. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി മേയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് തീരുമാനം. പത്താം ക്ലാസിൽ വിജയിക്കാൻ ഓരോ വിഷയത്തിനും 30 ശതമാനം വേണം. ഈ വർഷം ആദ്യഘട്ടമായി എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതാം ക്ലാസിലും മിനിമം മാർക്ക് പ്രാബല്യത്തിൽ വരും. 30 ശതമാനം ലഭിച്ചില്ലെങ്കിൽ ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ പുനഃപരീക്ഷ നടത്തും. 2026-27ലെ എസ്.എസ്.എൽ.സി മിനിമം മാർക്ക് രീതിയിലാണ് നടക്കുക. നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ജനപങ്കാളിത്തത്തോടെ അക്കാഡമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയും രൂപീകരിക്കും.
അംഗങ്ങൾ 105: കെ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടനയ്ക്ക് അംഗീകാരം
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥർക്ക് ഐ.എ.എസുകാരുടെ മാതൃകയിലുള്ള സംഘടനയ്ക്ക് സർക്കാർ അംഗീകാരം. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ (KASOA) എന്ന സംഘടനയ്ക്കാണ് അംഗീകാരം നൽകിയത്. അടുത്തിടെ സംസ്ഥാന സർക്കാർ രൂപീകരിച്ച കെ.എ.എസ് ഉദ്യോഗസ്ഥരുടെ ഏക സംഘടനയാണിത്.
നിലവിൽ മൂന്നു സ്ട്രീമുകളിലായി 105 ഉദ്യോഗസ്ഥർക്ക് അണ്ടർ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായ പദവിയിലുള്ള ശമ്പളം നൽകാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഡെപ്യൂട്ടി സെക്രട്ടറി, ഹയർ ഗ്രേഡ് അണ്ടർ സെക്രട്ടറി എന്നിവർക്ക് തുല്യമായ ശമ്പളസ്കെയിൽ തുടക്കത്തിൽ വേണമെന്ന കെ.എ.എസ് ഉദ്യോഗസ്ഥരുടെ ആവശ്യത്തെ ഐ.എ.എസ് അസോസിയേഷൻ എതിർത്തതോടെ രണ്ടിനുമിടയ്ക്കുള്ള സ്കെയിൽ നിശ്ചയിച്ചു നൽകി. സംഘടന നിലവിൽ വന്നതോടെ ഉയർന്ന ശമ്പള സ്കെയിൽ വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കും. കൺഫേഡ് ഐ.എ.എസ് പട്ടിക തയാറാക്കുമ്പോൾ കെ.എ.എസുകാർക്ക് പ്രത്യേക സംവരണം വേണമെന്ന ആവശ്യവുമുണ്ട്.
താത്കാലിക സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സംഘടനയ്ക്ക് അംഗീകാരം നൽകിയത്. അംഗീകാരമായതോടെ ഓഫീസ് അനുവദിക്കുകയും സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി സെക്രട്ടറിക്കും പ്രസിഡന്റിനും തലസ്ഥാനത്തെ ഓഫീസുകളിൽ നിയമനം നൽകുകയും വേണം. നിയമാവലിയിൽ ഭേദഗതി വരുത്താൻ സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതാണെന്നും വാർഷിക സാമ്പത്തിക സ്റ്റേറ്റ്മെന്റ്, ഭാരവാഹികളുടെ പട്ടിക തുടങ്ങിയ വിവരങ്ങൾ വകുപ്പു മേധാവി വഴി യഥാസയമം സർക്കാരിൽ സമർപ്പിക്കേണ്ടതാണെന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 314-ാമത് അംഗീകൃത സർവീസ് സംഘടനയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |