തിരുവനന്തപുരം: കാക്കിയിടും മുമ്പ് കവിയായിരുന്നു എസ്.ദേവ മനോഹർ. 1995ൽ സബ് ഇൻസ്‌പെക്ടറുടെ തൊപ്പി തലയിൽ കയറിയപ്പോൾ കവിത ഹൃദയത്തിൽ നിന്നിറങ്ങി...പേന പിടിച്ച കൈയിൽ ലാത്തിയും തോക്കും. അങ്ങനെ പത്തു പതിന്നാല് കൊല്ലം...
2009നു ശേഷം മനസിൽ കവിതകൾ വീണ്ടും വിരിഞ്ഞു. ഇപ്പോൾ ഐ.പി.എസ് ലഭിക്കുമ്പോഴും എഴുത്ത് വിടുന്നില്ല.
മാവേലിക്കര തട്ടാരമ്പലം 'വിശ്വഭാരതി'യിൽ ദേവ മനോഹറിന്
പഠനകാലത്താണ് സാഹിത്യം ഹരമായത്. കുമാരനാശാൻ, ചങ്ങമ്പുഴ, വയലാർ, എം.ടി, ടി.പദ്മനാഭൻ... കുലപതികളുടെ കൃതികളിലൂടെയെല്ലാം സഞ്ചരിച്ചു. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചപ്പോൾ ആവേശമായി. ആദ്യ കവിത 'സന്ദേഹം' 21-ാം വയസിൽ 1989ൽ പ്രസിദ്ധീകരിച്ചു.
സാമ്പത്തിക ശാസ്ത്രത്തിലും മലയാളത്തിലും എം.എയും പിന്നെ നിയമ ബിരുദവും മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും നേടി. റെയിൽവേയിലെ ജോലി വിട്ടാണ് എസ്. ഐയുടെ യൂണിഫോമിൽ കയറിയത്.
ആദ്യ നിയമനം കടയ്ക്കാവൂർ സ്റ്റേഷനിൽ. 2002ൽ സി.ഐയായി പ്രൊമോഷൻ. പിന്നെ ഡിവൈ.എസ്.പി.
'പൊലീസ് ജോലി എഴുത്തിനെ പോഷിപ്പിച്ചില്ല. അപ്പോഴും വായന വിട്ടില്ല. അത് കരുത്തായി'- ദേവമനോഹർ പറഞ്ഞു.
ആദ്യ കവിതാസമാഹാരം 'സഖി, ഞാൻ മടങ്ങട്ടെ' ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചു. പിന്നെ രണ്ട് കവിതാ സമാഹാരങ്ങൾ കൂടി - നാവുദഹനം, ഇവിടെ ഒരാൾ ഉണ്ട്. ദുബായ് രാജാവ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ 'മൈ സ്റ്റോറി' മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. ദുബായിലെ കൊട്ടാരത്തിലായിരുന്നു മറ്റ് 23 തർജ്ജമകൾക്കൊപ്പം പ്രകാശനം. കവിത കടന്ന് കഥയിലേക്കെത്തിയത് അടുത്തിടെ. 'ജനിക്കാത്തവരുടെ ശ്‌മശാനം' കഥാസമാഹാരം മാർച്ചിൽ പ്രകാശനം ചെയ്തു
ഭാര്യ സിമി മനോഹർ ബാങ്ക് ഉദ്യോഗസ്ഥ. മെഡിക്കൽ പി.ജി വിദ്യാർത്ഥി ഗൗതം കൃഷ്ണ, എം.എ വിദ്യാർത്ഥി സൂര്യകൃഷ്ണ, ബികോം വിദ്യാർത്ഥി ദേവനാരായൺ, യു.കെ.ജി വിദ്യാർത്ഥി മാധവ് മനോഹർ എന്നിവർ മക്കൾ.
എസ്.പി റാങ്കിൽ പൊലീസ് അക്കാഡമിയിൽ ജോലി ചെയ്യവേയാണ് ഐ.പി.എസ് തേടിവന്നത്. ഉത്തരവ് ഇറങ്ങിയിട്ടില്ല.
''എന്റെ ചുണ്ടിൽ ചുരന്ന കവിതകൾ
നിന്നധരത്തിലെരിഞ്ഞു മിന്നീടവേ
ഒറ്റയുമ്മതൻ തീർത്ഥത്താലെന്നെ നീ
ശുദ്ധനാക്കി,യലിയിച്ചു സന്ധ്യയായി.''
കവിത: മഴനനയ്ക്കാത്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |