കൽപ്പറ്റ: ഉരുളെടുത്ത പ്രദേശത്ത് കാണാതായവർ ആരൊക്കെയെന്ന് തിരിച്ചറിയാൻ ജില്ലാ ഭരണകൂടം ഏറ്റെടുത്തത് സമാനതകളില്ലാത്ത പ്രവർത്തനം.
വിവര ശേഖരണത്തിനും അന്വേഷണത്തിനും പഞ്ചായത്തും തൊഴിൽ വകുപ്പും ആരോഗ്യ വകുപ്പും പൊലീസും അങ്കണവാടി പ്രവർത്തകരും ആശാ വർക്കർമാരും ജനപ്രതിനിധികളും കൈകോർത്തു. പല രേഖകൾ ക്രോഡീകരിച്ചു. മൂന്ന് നാൾ നീണ്ട കഠിന പരിശ്രമംകൊണ്ടാണ് കാണാതായവരുടെ കരട് പട്ടിക തയ്യാറാക്കിയത് .
അസി.കലക്ടർ എസ്.ഗൗതം രാജാണ് നേതൃത്വം നൽകിയത് . മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ റേഷൻ കാർഡ് വിവരങ്ങൾ ശേഖരിച്ചു. വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, മുണ്ടക്കൈ ജി.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും ഐ.സി.ഡി.എസിൽ നിന്നും കുട്ടികളുടെ വിവരങ്ങൾ ലഭ്യമാക്കി. ലേബർ ഓഫീസിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ രേഖ ശേഖരിച്ചു. ഇതെല്ലാം അടിസ്ഥാന രേഖയായി പരിഗണിച്ചു.
138 പേരുടെ കരട് പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. തിരുത്തലുകൾക്കുശേഷം നിലവിൽ 130 പേരാണ് പട്ടികയിലുള്ളത് . പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും മൃതദേഹങ്ങൾ തിരിച്ചറിയുന്ന സാഹചര്യത്തിലും പട്ടികയിൽ തിരുത്തൽ വരും. ഡി.എൻ.എ പരിശോധനാ ഫലം വരുമ്പോൾ മരിച്ചതായി സ്ഥിരീകരിക്കുന്നവരെ പട്ടികയിൽ നിന്ന് ഒഴിവാക്കും.
കാണാതായവരെ
കുറിച്ച് അറിയിക്കാം
1.റേഷൻകാർഡ് നമ്പർ, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോൺ നമ്പർ, ചിത്രം എന്നിവ അടങ്ങിയതാണ് കരട് ലിസ്റ്റ്.
2. പൊതുജനങ്ങൾക്ക് ഈ കരട് പട്ടിക പരിശോധിച്ച് വിലയേറിയ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിനെ അറിയിക്കാം. ജില്ലാ ഭരണകൂടത്തിന്റെ https://wayanad.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പട്ടിക ലഭ്യമാണ്.
3. ജില്ലാ കളക്ടറുടെ അടക്കം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പൊതുഇടങ്ങളിലും മാദ്ധ്യമങ്ങളിലൂടെയും കരട് പട്ടിക ലഭ്യമാകും.
പൊതുജനങ്ങൾക്ക് 8078409770 എന്ന ഫോൺ നമ്പറിൽ വിവരങ്ങൾ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |