ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സെബി വ്യക്തമാക്കി. 24 ആരോപണങ്ങളിൽ 23 എണ്ണവും അന്വേഷിച്ചു. ഒന്നിലെ നടപടി കൂടി ഉടൻ പൂർത്തിയാക്കുമെന്നും സെബി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകുകയും മൊഴിയെടുക്കുകയും ചെയ്തു.
അദാനി ഗൂപ്പിന്റെ വിവാദ വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധവൽ ബുച്ചും നേരത്തെ തള്ളിയിരുന്നു. ഈ വ്യക്തികളുമായി സാമ്പത്തിക പങ്കാളിത്തമില്ലെന്ന് അദാനിയും അറിയിച്ചു. റിപ്പോർട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് മാധബി ബുച്ചും ഭർത്താവ് ധവലും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ നിക്ഷേപം താൻ സെബിയിൽ വരുന്നതിന് മുൻപ് സിംഗപ്പൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത സമയത്തേതാണ്. ധവലിന്റെ സുഹൃത്ത് അനിൽ അഹൂജ വഴി നടത്തിയതാണെന്നും അദാനി ഫണ്ടുമായി ബന്ധമില്ലെന്നും പ്രസ്താവനയിൽ വിശദീകരിക്കുന്നു.
ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു.ആരോപണത്തിൽ പരാമർശിക്കുന്ന വ്യക്തികളുമായി യാതാെരു വാണിജ്യ പങ്കാളിത്തവുമില്ല. സുപ്രീം കോടതി തള്ളിയ ആരോപണം വീണ്ടും ഉന്നയിക്കുകയാണവർ. അദാനി ഗ്രൂപ്പ് ഇടപാടുകൾ സുതാര്യമാണ്. എല്ലാ വിശദാംശങ്ങളും പതിവായി വെളിപ്പെടുത്തുന്നുവെന്നും അവർ വ്യക്തമാക്കി.
ബെർമുഡ, മൗറീഷ്യസ് രാജ്യങ്ങളിലെ അദാനി ഗ്രൂപ്പിന്റെ കടലാസ് കമ്പനികളിൽ സെബി മേധാവിക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ. 2015ൽ സെബി മേധാവിയും ഭർത്താവും 83കോടി രൂപയോളം നിക്ഷേപിച്ചെന്നും 18മാസം മുൻപ് വന്ന ആദ്യ റിപ്പോർട്ടിൻമേൽ നടപടിയെടുക്കാൻ സെബി മടിച്ചത് ഇതുകൊണ്ടാണെന്നും പുതിയ റിപ്പോർട്ടിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |