ശിവഗിരി: വയനാട് ദുരന്ത പശ്ചാത്തലത്തിൽ 170-ാമത് ഗുരുദേവ ജയന്തിദിനത്തിൽ ഇത്തവണ ഘോഷയാത്രയും കലാപരിപാടികളും ഒഴിവാക്കാൻ ശിവഗിരിമഠം തീരുമാനിച്ചു. ചതയപൂജയും പ്രാർത്ഥനയും ജയന്തി സമ്മേളനവും ഉണ്ടാകും. നിശ്ചയിച്ചിരുന്ന ചതയദീപം ലോകദുരിതശാന്തിക്കായി 5.30ന് തന്നെ ശിവഗിരിയിലും പരിസരപ്രദേശങ്ങളിലും തെളിച്ച് ദൈവദശകം ചൊല്ലി ദുരിതശാന്തി പ്രാർത്ഥന നടത്തും. അതിനു ശേഷം ഭക്തജനങ്ങളുടെ നാമജപത്തോടെ ആർഭാടങ്ങളില്ലാതെ ഘോഷയാത്ര
ശിവഗിരിയിൽ നിന്നു പുറപ്പെട്ട് ശ്രീനാരായണഗുരുദേവനാൽ സ്ഥാപിതമായ മാതൃകാപാഠശാലയിൽ (ശിവഗിരി സ്കൂൾ) എത്തി, എസ്.എൻ കോളേജ് ജംഗ്ഷൻ, ഗുരുകുലം ജംഗ്ഷൻ വഴി തിരികെയെത്തി പ്രാർത്ഥനയോടുകൂടി സമാപിക്കുമെന്ന് ചതയദിനാഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.
ആഗോള പ്രവാസി സംഗമം
ശ്രദ്ധേയമാക്കണം:
സ്വാമി സച്ചിദാനന്ദ
ശിവഗിരി : സെപ്തംബർ 16, 17 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കുന്ന ആഗോള പ്രവാസി സംഗമം ശ്രദ്ധേയമാക്കുന്നതിൽ പ്രവാസികളായ ഗുരുഭക്തരും മലയാളികളായ മറ്റു പ്രവാസികളും മഠത്തിനൊപ്പം ചേർന്ന് നിന്ന് സഹായിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭ്യർത്ഥിച്ചു.
സാരഥി കുവൈറ്റ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാട്ടിലൂടെ ഒരു യാത്ര എന്ന പരിപാടിയിൽ പങ്കെടുത്ത് ശിവഗിരിയിലെത്തിയ അംഗങ്ങൾ നടത്തിയ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. വിദേശ രാജ്യങ്ങളിൽ പ്രവാസി കൺവെൻഷന്റെ മുന്നോടിയായി യോഗങ്ങൾ ചേരുന്നതിൽ ശിവഗിരി മഠത്തിന്റെ സന്തുഷ്ടിയും സ്വാമി അറിയിച്ചു. ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സാരഥി കുവൈറ്റ് ട്രസ്റ്റ് ചെയർമാൻ അഡ്വ. അരവിന്ദാക്ഷൻ, ഡയറക്ടർ കേണൽ വിജയൻ, അനിൽ തടാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എ.ഇ.ഒ / എച്ച്.എം പ്രൊമോഷൻ നടത്താത്തത് പ്രതിഷേധാർഹം: കെ.പി.എസ്.ടി.എ
തിരുവനന്തപുരം: അദ്ധ്യയനവർഷം ആരംഭിച്ച് രണ്ടുമാസമായിട്ടും എ.ഇ.ഒ / എച്ച്.എം പ്രൊമോഷൻ നടത്താൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി. നിരവധി വിദ്യാലയങ്ങളിൽ പ്രഥമാദ്ധ്യാപകരില്ല. ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തിന് എ.ഇ.ഒമാർ അനിവാര്യമാണ്. സ്കൂൾ തുറക്കുമ്പോൾത്തന്നെ നടക്കേണ്ട എ.ഇ.ഒ /എച്ച് എം പ്രൊമോഷന് വേണ്ടി ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി ഇതുവരെ കൂടിയിട്ടില്ല. അടിയന്തരമായി എ.ഇ.ഒ / എച്ച്.എം പ്രൊമോഷൻ നടത്തണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ, ഷാഷിദ റഹ്മാൻ, എൻ.രാജ്മോഹൻ , കെ രമേശൻ, ബി.സുനിൽകുമാർ, ബി.ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത് തുടങ്ങിയവർ സംസാരിച്ചു.
ഓണം മുതൽ ക്രിസ്മസ് വരെ
കടമെടുക്കാൻ ഇനി 3700 കോടി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ഡിസംബർ വരെയുള്ള ചെലവുകൾക്കായി ഇനി കടമെടക്കാവുന്ന പരമാവധി തുക 3700 കോടി രൂപ. ഡിസംബർ വരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ കേന്ദ്രം അനുവദിച്ചിരുന്നത്. ഇതിൽ 3700 കോടി ഒഴികെയുള്ളത് എടുത്തുകഴിഞ്ഞു.
ഓണച്ചെലവു കഴിയുമ്പോഴേക്കും ശേഷിക്കുന്ന മൂന്നു മാസം എങ്ങനെ തള്ളിനീക്കുമെന്ന പ്രതിസന്ധിയാണ് സർക്കാരിനു മുന്നിലുളളത്. ഇതിനുള്ള പോംവഴികളെക്കുറിച്ച് സർക്കാർ ആലോചന തുടങ്ങി.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണപ്പരിപാടികൾ റദ്ദാക്കിയിരുന്നു. എന്നാൽ ബോണസ്, ഉത്സവബത്ത, ഓണം അഡ്വാൻസ് എന്നിവ സർക്കാരിന് നൽകേണ്ടി വരും ഇതിനു മാത്രം 700 കോടി രൂപ വേണം. വിപണി ഇടപെടലിന് സപ്ലൈകോ 500 കോടി ആവശ്യപ്പെട്ടിട്ടുണ്ട്.
അസംഘടിത മേഖലയിൽ ഉൾപ്പെടെ ആനുകൂല്യം നൽകാൻ 600 കോടി രൂപ വേറെയും വേണം. ക്ഷേമപെൻഷൻ കുടിശ്ശികയിൽ രണ്ടു ഗഡു ഈ വർഷം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പാലിക്കണമെങ്കിൽ ഒരു ഗഡു ഓണത്തിനും മറ്റൊന്ന് ക്രിസ്മസിനും നൽകണം. കുടിശ്ശിക ചേർത്ത് ഓണത്തിന് രണ്ടുമാസത്തെ പെൻഷൻ നൽകാൻ മാത്രം 1900 കോടിയാണ് വേണ്ടത്.
ഡിസംബറിനു ശേഷം മാർച്ചു വരെയുള്ള കാലയളവിലേക്ക് കേന്ദ്രം എത്ര കനിയുമെന്ന് ഇപ്പോൾ നിശ്ചയമില്ല.
പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപവും ഉൾപ്പെടെയുള്ള പൊതു അക്കൗണ്ട് കണക്കാക്കി കടം വെട്ടിക്കുറച്ചതിൽ അപാകതയുണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, കടപരിധിയിൽ മാറ്റം വരുത്താനുള്ള തീരുമാനം ഉണ്ടായിട്ടില്ല. കടപരിധി നിർണയിക്കുന്ന കേന്ദ്രമാനദണ്ഡത്തിനെതിരേ കേരളം നൽകിയ കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടിട്ടുണ്ട്. അത് തീർപ്പാകും വരെ നോക്കിയിരുന്നാൽ സർക്കാർ വെട്ടിലാവുന്ന സ്ഥിതിയാണ്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |