കൊച്ചി: ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യുരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി)യുടെ ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ വന്ന ഹിൻഡൻബർഗ് ആരോപണങ്ങൾ ഓഹരി വിപണിയെ ബാധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ഗൗതം അദാനിക്ക് വിദേശത്ത് ഷെൽകമ്പനികളുണ്ടെന്നും അവയിൽ മാധബി ബുച്ചിനും ഭർത്താവിനും ബന്ധമുണ്ടെന്നുമാണ് ഹിൻഡൻബർഗിന്റെ ആരോപണം. ഇത്തവണ അദാനി ഗ്രൂപ്പ് ഓഹരികളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല. സെബി ചെയർപേഴ്സണെയും കുടുംബത്തെയും ആരോപണത്തിൽ ഉൾപ്പെടുത്തിയതിലൂടെ ഇന്ത്യൻ ഓഹരി വിപണിയെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും മൊത്തത്തോടെയാണ് ഹിൻഡൻബർഗ് ഉന്നമിട്ടിട്ടുള്ളത്. എന്നാൽ, ഈ ആരോപണങ്ങൾ ഓഹരിവിപണിയെ ബാധിക്കാൻ സാദ്ധ്യതയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ നിഗമനം. അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ചെറു ഇളക്കം ഒരുപക്ഷേ തട്ടിച്ചേക്കാമെങ്കിലും ആഗോള വിപണിയിലെ മറ്റു കാരണങ്ങൾ മോശമായി ബാധിച്ചില്ലെങ്കിൽ ഇന്ത്യൻ വിപണിക്ക് ഉണർവ് തന്നെയായിരിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ അദാനി ഗ്രൂപ്പ് മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഓഫ്ഷോർ കമ്പനികൾ ഉപയോഗിച്ച് വരുമാനം പെരുപ്പിച്ച് കാട്ടിയെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അന്ന് അദാനിഗ്രൂപ്പുകൾ ഓഹരിവിപണികൾ തകർച്ച നേരിട്ടിരുന്നു. എന്നാൽ, അന്വേഷണത്തിന് ശേഷം അദാനിഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണം തെറ്റാണെന്ന് കാട്ടി സെബി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഓഗസ്റ്റ് 15ന് മുമ്പ് ഇതേക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. നേട്ടത്തോടെയായിരുന്നു വെള്ളിയാഴ്ച ഇന്ത്യൻ ഓഹരിവിപണി അവസാനിച്ചത്. മുഖ്യ സൂചികയായ സെൻസെക്സ് 79,468ലും നിഫ്റ്റി 24,297.5ലുമാണ് അവസാനിച്ചത്.
ഹിൻഡൻബർഗിന്റെ പുതിയ ആരോപണം ഓഹരിവിപണിയിൽ യാതൊരു ചലനവും ഉണ്ടാക്കാനിടയില്ല. ആഗോളതലത്തിലെ നിക്ഷേപകരും ഈ ആരോപണം തള്ളിക്കളയാനാണ് സാദ്ധ്യത.
രാംകി
എം.ഡി , സി.ഇ.ഒ
ഷെയർവെൽത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |