തൃശൂർ: വയനാട് ദുരന്തത്തിലെ പുനരധിവാസ പ്രവർത്തനത്തിൽ സംസ്ഥാനത്തിന്റെ ആവശ്യമനുസരിച്ച് കേന്ദ്ര സർക്കാർ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഉടനെ സമർപ്പിക്കണം. സർക്കാർ കൊടുക്കുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആശ്വാസ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയാണ്. പദ്ധതിച്ചെലവുകൾ നിയന്ത്രിക്കുന്നു. ബഡ്ജറ്റിൽ അനുവദിച്ച പദ്ധതികൾക്ക് ഭരണാനുമതി കൊടുക്കേണ്ടെന്നാണ് ധനവകുപ്പ് തീരുമാനിക്കുന്നത്. പ്ലാൻ എ ഇല്ലെങ്കിൽ പ്ലാൻ ബി എന്നാണ് നേരത്തെ പറഞ്ഞത്. എന്താണ് പ്ലാൻ ബി എന്ന് മനസിലാകുന്നില്ല. സർവീസ് ചാർജുകൾ വർദ്ധിപ്പിക്കാനാണ് നീക്കമെങ്കിൽ അതിനെ എതിർക്കും.
ഇനി ഒരു തരത്തിലുള്ള നികുതി വർദ്ധനവും അംഗീകരിക്കില്ല. ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒരു മാർഗവുമില്ല. ക്യാപ്‌സ്യൂൾ വിതരണം കൊണ്ട് മാവേലി സ്റ്റോറിൽ സാധനമെത്തില്ല. ആശുപത്രിയിൽ മരുന്ന് വരില്ല. കെ.എസ്.ആർ.ടി.സി ബസ് ഓടില്ല. . ഓണം സീസണിൽ വിലക്കയറ്റം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കേണ്ട സമയത്ത് അഞ്ച് പൈസ കൈയിലില്ല. നികുതി വരുമാനം കൂട്ടാനും നടപടിയില്ലെന്ന് സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |