ന്യൂയോർക്ക്: ഇന്ന് ലോക ആന ദിനം. ലോകമെമ്പാടുമുള്ള ആനകളുടെ സംരക്ഷണം മുന്നിൽക്കണ്ട് 2011 മുതൽ ലോകം ഈ ദിവസം ആനകൾക്ക് വേണ്ടി നീക്കിവച്ചിരിക്കുന്നു. കരയിലെ ഏറ്റവും വലിയ സസ്തനിയാണ് ആന. കാഴ്ച ശക്തി കുറവെങ്കിലും ശ്രവണ ശേഷിയും മണം പിടിക്കാനുള്ള കഴിവും കൂടുതലുള്ള ജീവികൾ.
ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ രണ്ട് തരത്തിലെ ആനകൾ ഇന്ന് ഭൂമുഖത്തുണ്ട്. ആഫ്രിക്കൻ ആനകളെ ആഫ്രിക്കൻ സാവന്ന / ബുഷ് എലിഫെന്റ്, ആഫ്രിക്കൻ ഫോറസ്റ്റ് എലിഫെന്റ് എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. ആഫ്രിക്കയിലെ 37 രാജ്യങ്ങളിൽ ഇവയെ കാണാം.
സാവന്ന ആനകൾക്കാണ് വലിപ്പം കൂടുതൽ. ഏഷ്യൻ ആനകളെക്കാൾ വലിയ ചെവി, കൊമ്പ്, കണ്ണ് എന്നിവ ഇവയ്ക്കാണ്. വനത്തിൽ ഏകദേശം 415,000 ആഫ്രിക്കൻ ആനകൾ ജീവിക്കുന്നു. 11 അടി ഉയരമുള്ള ഇക്കൂട്ടർക്ക് 4000 - 7,500 കിലോ വരെ ഭാരം കാണും.
സുമാത്രൻ, ഇന്ത്യൻ, ശ്രീലങ്കൻ, ബോർണിയൻ എന്നിങ്ങനെ നാല് തരം ഏഷ്യൻ ആനകളുണ്ട്.
ഏഷ്യൻ ആനകളിൽ ഏറ്റവും ചെറുത് ബോർനിയൻ ആനകളും വലുത് ശ്രീലങ്കൻ ആനകളുമാണ്. ഏഷ്യയിലെ 13 രാജ്യങ്ങളിൽ കാണപ്പെടുന്നു. വനത്തിൽ 50,000ത്തിൽ താഴെ മാത്രമായി ഇക്കൂട്ടർ ചുരുങ്ങിയിരിക്കുന്നു. 8.8 അടി ഉയരമുള്ള ഇവർക്ക് 3000 - 6000 കിലോ വരെ ഭാരം കാണപ്പെടുന്നു.
കരയിലെ വലിപ്പമേറിയ മസ്തിഷ്കമുള്ള ജീവിയും ( ഏകദേശം 3 മുതൽ 6 കിലോയോളം ഭാരം) ആനയാണ്. ശരാശരി 70 വർഷത്തോളം ഒരു ആന ജീവിക്കുന്നു. ബോട്‌സ്വാനയാണ് ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം.
വനനശീകരണം, മനുഷ്യരുടെ ചൂഷണം, കൊമ്പിനായുള്ള വേട്ടയാടൽ, കൃഷിയിടങ്ങളിലെ വൈദ്യുതവേലികൾ , ട്രെയിനിടിച്ചുള്ള മരണം, ആഹാര സ്രോതസുകളുടെ ദൗർലഭ്യം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ന് ആനകൾ അഭിമുഖീകരിക്കുന്നത്. ആനകളുടെ ജീവന് അപകടം സൃഷ്ടിക്കുന്ന ഇത്തരം ഭീഷണികൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതകളും ഇന്നത്തെ ദിനം ലോകം ചർച്ച ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |