ബംഗളൂരു: ഓഗസ്റ്റ് ഒന്നിന് സർവീസ് ആരംഭിച്ച എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഓണക്കാലത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഓണക്കാലത്ത് നേരിടുന്ന യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് സർവീസ് നീട്ടണമെന്ന ആവശ്യവുമായി യാത്രക്കാർ രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ ഓഗസ്റ്റ് 26 വരെയാണ് സർവീസ്. ശനി, ഞായർ ദിവസങ്ങളിൽ വലിയ തിരക്കാണ് വന്ദേഭാരതിൽ അനുഭവപ്പെടുന്നത്.
ഈ റൂട്ടിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് സ്ഥിരം സർവീസാക്കി മാറ്റണമെന്ന ആവശ്യവും നേരത്തെ യാത്രക്കാർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടിയൊന്നും ആയിട്ടില്ല. കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കെആർ പുരത്ത് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതോടെ വൈറ്റ്ഫീൽഡ് ഉൾപ്പടെയുള്ള നഗരങ്ങളിലുള്ളവർക്ക് ഗുണമായി. അതേസമയം, വന്ദേഭാരത് ഇപ്പോഴും സമൂഹത്തിലെ ഉന്നതർക്ക് മാത്രമാണ് സേവനം നൽകുന്നതെന്നും വ്യാപക പരാതിയും ഒരുഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.
സാധാരണക്കാർക്കായി കുറഞ്ഞത് രണ്ട് ജനറൽ കമ്പാർട്ടുമെന്റുകളെങ്കിലും ഉൾപ്പെടുത്താൻ റെയിൽവേയ്ക്ക് കഴിയില്ലേയെന്ന് യാത്രക്കാർ ചോദിക്കുന്നു. റിസർവ് ചെയ്യുന്നവർക്ക് മാത്രമല്ലാതെ റെയിൽവേ സ്റ്റേഷനിലെത്തി നേരിട്ട് ടിക്കറ്റ് എടുക്കുന്ന സംവിധാനവും വന്ദേഭാരതിൽ നടപ്പിലാക്കണമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
നിലവിലെ സമയക്രമം
06001 എറണാകുളംബംഗളൂരു (ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ)
എറണാകുളം (12.50 pm), തൃശൂർ (1.53 pm), പാലക്കാട് (3.15pm), പോത്തനൂർ (4.13pm), തിരുപ്പൂർ (4.58pm), ഈറോഡ് (5.45pm), സേലം (വൈകിട്ട് 6.33), ബംഗളൂരു കന്റോൺമെന്റ് (രാത്രി 10).
06002 ബംഗളൂരുഎറണാകുളം (വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ)
ബംഗളൂരു കന്റോൺമെന്റ് (രാവിലെ 5.30), സേലം (രാവിലെ 8.58), ഈറോഡ് (രാവിലെ 9.50), തിരുപ്പൂർ (രാവിലെ 10.33), പോത്തനൂർ (രാവിലെ 11.15), പാലക്കാട് (പകൽ 12.08), തൃശൂർ (ഉച്ചയ്ക്ക് 1.18), എറണാകുളം (ഉച്ചയ്ക്ക് 2.20).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |