സംസ്ഥാനത്ത് ഉരുൾ പൊട്ടലോ പ്രളയമോ മണ്ണിടിച്ചിലോ ഭൂചലനമോ എന്തുണ്ടായാലും വാർത്തകളിൽ ആവർത്തിക്കപ്പെടുന്ന പേരാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റേത്. നാറൂലധികം പേരുടെ മരണത്തിന് ഇടയാക്കിയ വയനാട് മഹാദുരന്തത്തിനു പിന്നാലെയും ആ പേര് പലവട്ടം കേട്ടു. ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. റിപ്പോർട്ട് സൂക്ഷ്മമായി പഠിക്കുന്ന ആർക്കും മനസിലാകും, അത് പൂർണമായും തള്ളിക്കളയാതെ കുറച്ചു ഭാഗങ്ങളെങ്കിലും അടിയന്തരമായി നടപ്പാക്കേണ്ടതായിരുന്നു എന്ന്.
2013-ലെ ഗാഡ്ഗിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ വസ്തുതയും മുന്നറിയിപ്പും ഇങ്ങനെയായിരുന്നു: 'പശ്ചിമഘട്ടമാകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കുംപോലെ കാലങ്ങളോ യുഗങ്ങളോ ഒന്നും വേണ്ട, നാലോ അഞ്ചോ വർഷം മതി! അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങൾക്കു മനസിലാകും!"
ആ വാചകങ്ങൾക്ക് പ്രവചന സ്വഭാവമുണ്ടായിരുന്നുവെന്ന് ഇന്ന് നമ്മൾ തിരിച്ചറിയുന്നു. 2020 ഓഗസ്റ്റ് ആറിന് രാജമല പെട്ടിമുടിയിൽ 66 പേരുടെ ജീവനെടുത്ത ദുരന്തത്തിനു ശേഷം ഗാഡ്ഗിൽ പറഞ്ഞു: 'എന്നെ തള്ളിപ്പറഞ്ഞവർ സുഖമായി, സുരക്ഷിതരായി ജീവിക്കുന്നു. എനിക്കെതിരെ തെരുവിലിറക്കപ്പെട്ട പാവങ്ങൾ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ..." ഗാഡ്ഗിലിന്റെ ഈ വാക്കുകളാണ് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കേരളത്തിലെ മലയോരങ്ങൾ ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലയാണെന്നും, അതുകൊണ്ട് പ്രാദേശിക തലത്തിൽ രക്ഷാപ്രവർത്തനം അടക്കമുള്ള കാര്യങ്ങൾക്കായി പരിശീലനം ലഭിച്ച വളണ്ടിയർമാരുടെ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കണമെന്നുമുള്ള തന്റെ നിർദ്ദേശങ്ങൾ ഇനിയെങ്കിലും നടപ്പാക്കണമെന്ന് വയനാട് ദുരന്തത്തിനു ശേഷവും അദ്ദേഹം ആവർത്തിച്ചു.
കേരളത്തെയും പശ്ചിമഘട്ടത്തെയും കുറിച്ച് ആശങ്കകളുമായി, വിങ്ങുന്ന മനസുമായി വയോവൃദ്ധനായ ഈ പരിസ്ഥിതി സ്നേഹി ഇപ്പോഴും കർമ്മരംഗത്തുണ്ട്. 1942-ൽ പൂനെയിലാണ് മാധവ് ഗാഡ്ഗിൽ ജനിച്ചത്. മുംബയിൽ ജീവശാസ്ത്ര പഠനത്തിനു ശേഷം ഗണിത, പരിസ്ഥിതി ശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. സ്റ്റാൻഫോഡിലും കാലിഫോർണിയ സർവകലാശാലയിലും വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. 215 ഗവേഷണപ്രബന്ധങ്ങളും ആറു പുസ്തകങ്ങളും എഴുതി. 2002-ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്ട് പ്രകാരമുള്ള സമിതിയിൽ അംഗം. അന്താരാഷ്ട്ര തലത്തിൽ ഖ്യാതി നേടിയ ഈ പരിസ്ഥിതി ശാസ്ത്രജ്ഞനെ രാജ്യം പത്മശ്രീയും പത്മവിഭൂഷണും നൽകി ആദരിച്ചു.
മാധവ് ഗാഡ്ഗിലിന്റെ ആത്മകഥയുടെ പേര് 'പശ്ചിമഘട്ടം: ഒരു പ്രണയകഥ" എന്നാണ്. ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പരിസ്ഥിതിപ്രവർത്തകൻ ബിസ്‌മാർക്കിനാണ് ആത്മകഥയുടെ സമർപ്പണം. കേരളത്തിൽ നിന്നു തുടങ്ങി ഗുജറാത്ത് വരെ നീളുന്ന പശ്ചിമഘട്ട മലനിരകൾ നമ്മെ സംരക്ഷിച്ചു നിറുത്തുന്ന പുതപ്പാണ്. പശ്ചിമഘട്ടം മുഴുവൻ സഞ്ചരിച്ച് സാധാരണക്കാരുമായി സംസാരിച്ച അദ്ദേഹം, പശ്ചിമഘട്ട ജൈവ വിദഗ്‌ദ്ധ സമിതിയുടെ തലവനായപ്പോൾ നൽകിയ റിപ്പോർട്ടാണ് വിവാദമായത്
കേരളത്തിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലകളിൽ 1700 അനധികൃത പാറമടകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഗാഡ്ഗിൽ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. പശ്ചിമഘട്ട നിരകളിൽ നിയമനുസൃതമായ അനുമതികളോടെ പ്രവർത്തിക്കുന്ന പാറമടകളുടെ എണ്ണം കൂടി ചേർത്താൽ ആ സംഖ്യ 2700 ആകും! എന്നിട്ടും അവ ഇപ്പോഴും പരിസ്ഥിതി ദുർബല മേഖലകളിൽപ്രവർത്തിക്കുന്നു. യന്ത്രങ്ങൾ ഉപയോഗിച്ചാണ് കരിങ്കല്ലുകൾ പൊട്ടിക്കുന്നതും പൊടിക്കുന്നതും. അനധികൃത ക്വാറികളെ നിയന്ത്രിച്ചില്ലെങ്കിൽ വൻ പരിസ്ഥിതിനാശവും ദുരന്തവുമുണ്ടാകുമെന്ന് ഗാഡ്ഗിൽ മുന്നറിയിപ്പു നല്കിയിട്ട് പത്തുവർഷം കഴിഞ്ഞിരിക്കുന്നു!
പശ്ചിമഘട്ട മലനിരകൾ ഇല്ലെങ്കിൽ നമ്മുടെ ജീവിതമില്ലെന്നും അതിനെ സംരക്ഷിക്കുക അത്യാവശ്യമാണെന്നും തന്റെ റിപ്പോർട്ടിൽ മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളിലൊന്നും 20 ഡിഗ്രിയിൽ കുടുതൽ ചെരിവുള്ള മേഖലകളിൽ ഒരു നിർമ്മാണ പ്രവർത്തനവും നടത്തില്ലെന്നിരിക്കെ, കേരളത്തിൽ അനധികൃതമായി എന്തെല്ലാം ഖനന, നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുവെന്നും അദ്ദേഹം റിപ്പോർട്ടിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം, പശ്ചിമഘട്ടത്തെ മൂന്ന് പരിസ്ഥിതിലോല മേഖലകളായി തരംതിരിച്ചതിൽ വയനാട്ടിലെ മുണ്ടക്കൈ ഇ.എസ്.ഇസഡ്-1 വിഭാഗത്തിലാണ്. മുണ്ടക്കൈ, ചൂരൽമല ദുരന്തം മനുഷ്യനിർമ്മിതമാണെന്നും, തന്റെ ശുപാർശകൾ നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നുമാണ് ഡോ. ഗാഡ്ഗിൽ പറഞ്ഞത്.
'ഏതു ഗ്രാമത്തിൽ നിലവിൽവരുന്ന ഏതു പദ്ധതികളെപ്പറ്റിയും തീരുമാനമെടുക്കേണ്ടത് ആ ഗ്രാമത്തിലെ ജനങ്ങളാവണം. അവരെക്കൂടി ചേർത്തുവയ്ക്കാതെ ഒരു വികസനവും നടത്തരുത്."- ഗാഡ്ഗിൽ പറഞ്ഞു. ഭൗതിക സൗകര്യങ്ങൾക്കു വേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്തുകൊണ്ടാകരുത് എന്ന തിരിച്ചറിവ് ഭരണകൂടങ്ങൾക്കെന്നതു പോലെ പൊതുജനങ്ങൾക്കും ഉണ്ടാകണമെന്നാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെങ്കിലും, റിപ്പോർട്ടിനെതിരെ ജനങ്ങളെ ഇളക്കിവിടാനായിരുന്നു ശ്രമം.
ഗാഡ്ഗിലാണ് മലയോര കർഷകരുടെ മനസിൽ തീകോരിയിട്ടതെന്ന് അന്ന് രാഷ്ട്രീയ പ്രചാരണമുണ്ടായപ്പോൾ, താൻ പരിസ്ഥിതി ശാസ്ത്രജ്ഞനാണെന്നും ഭാവിയെ മുൻനിറുത്തി വസ്തുതകൾ പറയുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഗാഡ്ഗിലിന്റെ മറുപടി. ഗാഡ്ഗിൽ പറഞ്ഞ മറ്റു ചിലതു കൂടി കേൾക്കുക: വന്യമൃഗങ്ങളെ നിയന്ത്രിത രീതിയിൽ വേട്ടയാടുന്നത് അവയുടെ എണ്ണം കുറയ്ക്കാനും, വനാർത്തികളിൽ ജീവിക്കുന്നവരെ മൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. മൃഗവേട്ടയ്ക്ക് ലൈസൻസ് നല്‍കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകണം. ജൈവ വൈവിദ്ധ്യം നശിപ്പിക്കപ്പെടുന്നത്
പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതുകൊണ്ടല്ല, കീടനാശിനിയുടെ അനിയന്ത്രിതമായ ഉപയോഗം ഉൾപ്പെടെ മറ്റു പല കാരണങ്ങൾ കൊണ്ടാണ്... ആരും ഒന്നും കേട്ടതേയില്ല!
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പായാൽ കേരളത്തിലെ മലയോരങ്ങൾ വികസനമില്ലാതെ മുരടിക്കുമെന്നായിരുന്നു പ്രധാന വിമർശനം. പശ്ചിമഘട്ടത്തിൽ പാറ പൊട്ടിക്കരുത്, വലിയ നിർമ്മിതികൾ പാടില്ല, ജൈവകൃഷി മാത്രം ചെയ്യണം എന്നതൊക്കെ അശാസ്ത്രീയവും അപ്രായോഗികവുമായ നിർദ്ദേശങ്ങളാണെന്ന് വിമർശനമുയർന്നു. വീണ്ടുവിചാരങ്ങൾക്കും വിവേകത്തിനും വൈകൽ എന്നൊന്നില്ല. ഗാഡ്ഗിൽ റിപ്പോർട്ട് ഒരിക്കൽക്കൂടി കൈയിലെടുക്കാനും വായിക്കാനും, പ്രാവർത്തികമാക്കാവുന്ന നിർദ്ദേശങ്ങളുടെ കാര്യത്തിൽ പുനർവിചിന്തനത്തിനും ഉചിതമായ സമയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |