പാരീസ് ഒളിമ്പിക്സിൽ 10 മെഡലുകളെന്ന സ്വപ്നവുമായിപ്പോയ ഇന്ത്യൻ സംഘത്തിന് ലഭിച്ചത് ഒരു വെള്ളിയും വെങ്കലവുമടക്കം ആറുമെഡലുകളാണ്. എന്നാൽ ഏഴോളം ഇനങ്ങളിൽ തലനാരിഴയ്ക്കാണ് ഇന്ത്യൻ താരങ്ങൾക്ക് മെഡൽ നഷ്ടമായത്. ഈ നഷ്ടഭാഗ്യങ്ങൾ ഇന്ത്യയെ ദീർഘകാലം ദുഖിപ്പിക്കും. നാലാം സ്ഥാനം ചെറുതല്ലെങ്കിലും ഒന്നുകൂടി പരിശ്രമിച്ചിരുന്നെങ്കിൽ,അൽപ്പം ഭാഗ്യം കൂടിയുണ്ടായിരുന്നെങ്കിൽ വെങ്കലം നേടാമായിരുന്ന അവസരങ്ങളെക്കുറിച്ച്....
1. ലക്ഷ്യ സെൻ
ബാഡ്മിന്റൺ സിംഗിൾസ്
വിക്ടർ അക്സൽസനെതിരായ സെമി ഫൈനലിലും മലേഷ്യൻ താരം ലീ സീ ജിയയ്ക്ക് എതിരായ ലൂസേഴ്സ് ഫൈനലിലും ലീഡ് നേടിയ ശേഷമാണ് ലക്ഷ്യ തോൽവി വഴങ്ങിയത്.ലൂസേഴ്സ് ഫൈനലിൽ ആദ്യ ഗെയിം നേടിയതും ലക്ഷ്യയാണ്. അക്സൽസെന്നിനെതിരെ രണ്ട് ഗെയിമിലും ലക്ഷ്യയ്ക്ക് ലീഡുണ്ടായിരുന്നു.
3. 10 മീറ്റർ എയർ റൈഫിൾ
അർജുൻ ബബുത
യോഗ്യതാ റൗണ്ടിൽ ഏഴാം സ്ഥാനക്കാരനായിരുന്ന അർജുൻ ഫൈനലിൽ ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തേക്ക് വരെ ഉയർന്നിരുന്നു. 19-ാമത്തെ ഷോട്ടുവരെയും ആദ്യ മൂന്ന് സ്ഥാനത്തായിരുന്ന അർജുന്റെ 20-ാമത്തെ ഷോട്ട് 9.5 പോയിന്റിൽ ഒതുങ്ങിയതോടെ നാലാം സ്ഥാനത്തായി.
3. മഹേശ്വരി -അനന്ത് ജീത്
സ്കീറ്റ് ഷൂട്ടിംഗ്
ഷൂട്ടിംഗിൽ മിക്സഡ് സ്കീറ്റ് ഇനത്തിൽ മഹേശ്വരി ചൗഹാൻ -അനന്ത് ജീത് സിംഗ് നരുക്ക സഖ്യത്തിന് ചൈനീസ് സഖ്യത്തോട് വെങ്കലപ്പോരിൽ തോൽക്കേണ്ടിവന്നത് ഒരൊറ്റ പോയിന്റിനാണ് . ചൈനയുടെ യിടിംഗ് ജിയാംഗ് - ജിയാൻ ലിൻ ലിയു സഖ്യമാണ് എട്ട് ഷോട്ടുകൾ വീതമുള്ള ആറ് സിരീസുകളുടെ മത്സരത്തിൽ 44-43ന് തോൽപ്പിച്ചത്.
4. മനു ഭാക്കർ
25 മീറ്റർ എയർ പിസ്റ്റൾ
ഒരു ഒളിമ്പിക്സിൽ മൂന്ന് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡ് മനു ഭാക്കറിന് കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടമായത്. 25 മീറ്റർ പിസ്റ്റളിൽ മൂന്നാം സ്ഥാനത്തിനുള്ള എലിമിനേഷൻ ഷൂട്ടോഫിൽ വെറോണിക്ക മയോറുമായി തോറ്റതോടെയാണ് നാലാം സ്ഥാനത്തായത്. ഷൂട്ടോഫിൽ ആദ്യം ലീഡ് മനുവിനായിരുന്നു.
5. ധിരാജ് - അങ്കിത
ആർച്ചറി മിക്സഡ് ടീം
മികച്ച പ്രകടനത്തിലൂടെ സെമിയിലെത്തിയ ധിരാജ് ബൊമ്മദേവരയും അങ്കിത ഭഗതും അടങ്ങുന്ന ആർച്ചറി മിക്സഡ് ഡബിൾസ് ടീം അവിടെ ദക്ഷിണ കൊറിയയോടും വെങ്കലമെഡലിനായുള്ള പ്ളേഓഫിൽ അമേരിക്കയോടും 2-6ന് തോൽക്കുകയായിരുന്നു.
6. നിഷാന്ത് ദേവ്
ബോക്സിംഗ്
പുരുഷ ബോക്സിംഗ് 71 കിലോ വിഭാഗത്തിൽ നിഷാന്ത് ദേവാണ് ക്വാർട്ടർ ഫൈനലിൽമെക്സിക്കൻ താരം മാർക്കോ അലൻസോ വെർദെ അൽവാരേസിനെതിരെ മൂന്ന് റൗണ്ട് പോരാട്ടത്തിൽ കൂടുതൽ സമയവും മികച്ചുനിന്നത് . എന്നാൽ അമ്പയർമാർ 4-1 എന്ന സ്കോറിന് മെക്സിക്കൻ താരത്തെ വിജയിയായി പ്രഖ്യാപിച്ചു.
7. മീരാഭായ് ചാനു
വെയ്റ്റ് ലിഫ്റ്റിംഗ്
ഒരൊറ്റക്കിലോ കൂടി ഉയർത്താൻ കഴിഞ്ഞെങ്കിൽ ടോക്യോയിലെ വെള്ളിമെഡൽ ജേതാവ് മീരാഭായ് ചാനുവിന് പാരീസിൽ വെങ്കലം കിട്ടിയേനേ. ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന ചാനു ഉയർത്തിയത് 199 കിലോ. അവസാന ശ്രമത്തിൽ 200 കിലോ ഉയർത്തിയ തായ്ലാൻഡ് താരം വെങ്കലം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |