ഒളിമ്പിക്സ് വെള്ളി മെഡലിനായി വിനേഷ് ഫോഗാട്ട് നൽകിയ കേസിൽ അന്താരാഷ്ട്ര കായിക കോടതി ഇന്ന് വിധി പറഞ്ഞേക്കും.
പാരീസ് : 100 ഗ്രാം ഭാരം കൂടിപ്പോയി എന്നതിന്റെ പേരിൽ 50 കിലോഗ്രാം വനിതകളുടെ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗാട്ട് അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൻമേലുള്ള വിധി ഇന്നുണ്ടായേക്കും. ഒളിമ്പിക്സുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുള്ള കായിക കോടതിയുടെ പ്രത്യേക ബഞ്ചിലാണ് വിനേഷ് അപ്പീൽ നൽകിയിരുന്നത്. ശനിയാഴ്ച വാദം പൂർത്തിയായിരുന്നെങ്കിലും ആർബിട്രേറ്റർക്ക് രേഖകൾ സമർപ്പിക്കാനായി ഞായറാഴ്ച ഇന്ത്യൻ സമയം ഒൻപതര വരെ കോടതി സമയം നീട്ടി നൽകുകയായിരുന്നു. ഇതോടെ ഒളിമ്പിക്സ് അവസാനിക്കുന്നതിന് മുമ്പ് വിധിവരുമെന്ന പ്രതീക്ഷ അസ്തമിച്ചു. തുടർന്നാണ് കോടതി വിധിപ്രസ്താവംഇന്നത്തേക്ക് നീട്ടിയത്.
രണ്ട് അപ്പീലുകൾ
രണ്ട് അപ്പീലുകളാണ് വിനേഷ് നൽകിയിരുന്നത്. തന്നെ ഫൈനലിൽ മത്സരിപ്പിക്കണമെന്നതായിരുന്നു ആദ്യ അപ്പീൽ. ഇത് ആദ്യംതന്നെ കോടതി തള്ളിയിരുന്നു. സെമിഫൈനൽ വരെ താൻ ഭാരക്കൂടുതൽ ഇല്ലാതെയാണ് മത്സരിച്ചതെന്നും ഫൈനലിൽ എത്തിയത് നിയമവിധേയമായിട്ടാണെന്നും അതിനാൽ വെള്ളിമെഡൽ പങ്കിടണമെന്നുമായിരുന്നു രണ്ടാമത്തെ അപ്പീൽ. ഇതിന്മേലാണ് വാദം നടന്നത്. ഫ്രാൻസിലെ നാല് അഭിഭാഷകർ വഴിയാണ് വിനേഷ് അപ്പീൽ നൽകിയിരുന്നത്. ഓൺലൈനായി നടന്ന വാദത്തിൽ സുപ്രീം കോടതി അഭിഭാഷകൻ ഹരീഷ് സാൽവേയും സ്പോർട്സുമായി ബന്ധപ്പെട്ട കേസുകളിലെ സ്പെഷ്യലിസ്റ്റ് വിദുഷ്പദ് സിംഘാനിയയും വിനേഷിന് വേണ്ടി ഹാജരായി.
വിനേഷിന്റെ വാദങ്ങൾ
1. പ്രകടനത്തിൽ മികവ് കാട്ടൻ വേണ്ടി ഉത്തേജക വസ്തുക്കളോ മറ്റോ ഉപയോഗിച്ചതിന്റെ പേരില്ല വിനേഷിനെ വിലക്കിയത്. ശരീര ഭാരത്തിൽ വ്യത്യാസമുണ്ടാകുന്നത് ഒരു പരിധിക്ക് അപ്പുറം മനുഷ്യർക്ക് നിയന്ത്രിക്കുക സാദ്ധ്യമല്ല.
2. ആദ്യ ദിനം ഭാരം പരിശോധിക്കുമ്പോൾ വിനേഷ് പരിധിക്ക് ഉള്ളിലായിരുന്നു. അതിനാൽ തന്നെ ആദ്യദിവസത്തെ മൂന്ന് മത്സരങ്ങളിലും നേടിയ വിജയം നിയമപരമായി നിലനിൽക്കും.
3. സെമിയിൽ വിജയിക്കുമ്പോൾ തന്നെ ഒരു താരം ചുരുങ്ങിയത് വെള്ളി മെഡലിന് അർഹയായിക്കഴിയും. ആ സ്ഥിതിക്ക് ഫൈനലിൽ കളിച്ചില്ലെങ്കിലും വിനേഷിന് വെള്ളി നൽകേണ്ടതാണ്.
4. സെമിയിൽ വിനേഷിനോട് തോറ്റ താരത്തെ ഫൈനലിലേക്ക് പ്രവേശിപ്പിക്കുകയും ഫൈനൽ നടക്കുകയും ചെയ്തതിനാൽ വെള്ളിമെഡൽ പങ്കുവയ്ക്കണം.
5. രണ്ടാം ദിനം ഭാരം പരിശോധിക്കുമ്പോൾ 100 ഗ്രാം മാത്രമാണ് കൂടുതലുണ്ടായിരുന്നത്. അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പ് ഉൾപ്പടെ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകൾക്ക് ഇതിൽ കൂടുതൽ ഭാരപരിധി ഇളവ് ചെയ്‌ത് കൊടുക്കാറുണ്ട്.
പ്രതികൂല വാദങ്ങൾ
1. മത്സരത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അയോഗ്യയാക്കപ്പെട്ട താരത്തിന് മെഡൽ നൽകുന്ന കീഴ്‌വഴക്കം ഇല്ലെന്നാണ് അന്താരാഷ‌്ട്ര ഗുസ്തി സംഘടനയുടെ നിലപാട്.
2. ഒളിമ്പിക് മത്സരത്തിന്റെ നിയമക്രമങ്ങൾ അനുസരിച്ചാണ് മാച്ച് റഫറിമാർ തീരുമാനം എടുത്തത്. നിയമങ്ങൾക്ക് വിരുദ്ധമായി
ഒന്നും ചെയ്യാനാവില്ല.
3. ഏതെങ്കിലും ഒരു ഘട്ടത്തിൽ അയോഗ്യയാക്കപ്പെട്ടാൽ അതുവരെ നേടിയ വിജയങ്ങൾ അപ്രസക്തമാകും.അതിനാൽ വിനേഷ് സെമി ജയിച്ചത് നിലനിൽക്കുന്നതില്ല. സെമിയിൽ തോറ്റയാളെ ജയിച്ചതായി കരുതി ഫൈനലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
4. ഭാരപരിശോധനയിൽ വിട്ടുവീഴ്ച ചെയ്യുന്നത് ഒളിമ്പിക്സിന്റെ മഹത്വപൂർണമായ നിലവാരത്തിന് അനുയോജ്യമല്ല. ഇക്കാര്യത്തിൽ മാനുഷികമായ പരിഗണനകൾ മറ്റുള്ളവരോട് ചെയ്യുന്ന അനീതിയാകും.
5. ഭാരം നിയന്ത്രിച്ചുനിറുത്തേണ്ടത് പങ്കെടുക്കുന്ന താരത്തിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പറഞ്ഞത് താരത്തിന്റെ കുറ്റം തെളിഞ്ഞതിന് തുല്യമാണ്.
വിനേഷിന്റെ കാര്യത്തിൽ മാനുഷികമായ പരിഗണന നൽകേണ്ടതായിരുന്നു. എന്നാൽ നിയമത്തിന് അതീതമായി ഒന്നും ചെയ്യാൻ കഴിയില്ലല്ലോ
- തോമസ് ബക്ക്
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |