ന്യൂഡല്‍ഹി: ഡല്‍ഹി ചലോ പ്രക്ഷോഭത്തിനായി ട്രാക്ടറുകളില്‍ പുറപ്പെട്ട കര്‍ഷകരെ തടയാന്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭു ബോര്‍ഡറില്‍ നിരത്തിയ ബാരിക്കേഡുകള്‍ ഘട്ടംഘട്ടമായി നീക്കണമെന്ന് സുപ്രീംകോടതി. ഫെബ്രുവരി മുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയില്‍ തുടരുകയാണ്. ഒരാഴ്ച്ചയ്ക്കകം പഞ്ചാബ്-ഹരിയാന പൊലീസ് ഉദ്യോഗസ്ഥരും,കേന്ദ്രസേനയുടെ അധികൃതരും യോഗം ചേര്‍ന്ന് ബാരിക്കേഡുകള്‍ നീക്കുന്നതില്‍ പദ്ധതി തയ്യാറാക്കണം.
നടപടിയെടുക്കാന്‍ കോടതിയുടെ പ്രത്യേക ഉത്തരവിനായി കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും,ഉജ്ജല്‍ ഭുയാനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ശംഭു ബോര്‍ഡര്‍ തുറന്നുകൊടുക്കാനുള്ള പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെ ഹരിയാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പ്രക്ഷോഭത്തിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് യുവ കര്‍ഷകനായ ശുഭ്കരണ്‍ സിംഗ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരി ബോര്‍ഡറില്‍ കൊല്ലപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ഹരിയാന ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. 22ന് വിഷയം വീണ്ടും പരിഗണിക്കും.
ദേശീയപാത പാര്‍ക്കിംഗ് മേഖലയല്ല
ദേശീയപാത പാര്‍ക്കിംഗ് മേഖലയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ട്രാക്ടറുകള്‍ റോഡില്‍ നിന്ന് നീക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകരെ അനുനയിപ്പിക്കണം. ഭാഗികമായെങ്കിലും ദേശീയപാത തുറക്കേണ്ടത് ആംബുലന്‍സുകള്‍ക്കും,അവശ്യസര്‍വീസുകള്‍ക്കും ഉള്‍പ്പെടെ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാനങ്ങള്‍ക്ക് അഭിനന്ദനം
കാര്‍ഷികവിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കി നിയമനിര്‍മ്മാണം തുടങ്ങി കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേട്ട് പരിഹാരമുണ്ടാക്കാന്‍ സ്വതന്ത്ര സമിതി രൂപീകരിക്കുമെന്ന് സുപ്രീകോടതി ജൂലായില്‍ വ്യക്തമാക്കിയിരുന്നു. സമിതി അംഗങ്ങളായി നിയമിക്കേണ്ടവരുടെ പേരുകള്‍ കൈമാറാന്‍ പഞ്ചാബ്-ഹരിയാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാഷ്ട്രീയചായ്വില്ലാത്തവരുടെ പേരുകള്‍ കൈമാറിയ പഞ്ചാബ്-ഹരിയാന സര്‍ക്കാരുകളെ കോടതി ഇന്നലെ അഭിനന്ദിച്ചു. സമിതി രൂപീകരണത്തില്‍ വിശദമായ ഉത്തരവിറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |