കൊടുങ്ങല്ലൂർ : ഇ.ടി.ടൈസൺ എം.എൽ.എയുടെ മകൻ അജിൻ തോമസിന്റെ വിവാഹവേദി ഉരുളെടുത്ത നാടിനായി കൈകോർത്തു. വിവാഹച്ചെലവ് ചുരുക്കി 1.10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എം.എൽ.എയുടെ കുടുംബം മാതൃക കാട്ടി. ഇതോടൊപ്പം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കളപറമ്പത്ത് അബ്ദുൾ കാദർ മുഹമ്മദ് തന്റെ 20 സെന്റ് ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ചാലക്കുടി കാടുകുറ്റി പഞ്ചായത്തിൽ കാടുകുറ്റി വില്ലേജിലെ കളപ്പറമ്പത്ത് തീരദേശ റോഡിനോട് ചേർന്ന 20 സെന്റ് ഭൂമിയാണ് മുഹമ്മദ് നൽകിയത്.
അസ്മാബി കോളേജ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ക്രിയേറ്റീവ് അസ്മാബീസും, മറ്റ് വിവിധസംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള വേദിയായും വിവാഹം മാറി. ലക്ഷം രൂപയാണ് ക്രിയേറ്റീവ് അസ്മാബീസ് നൽകിയത്. മറ്റുള്ളവർ പണമടച്ച രസീതാണ് കൈമാറിയത്. മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, അബ്ദുറഹ്മാൻ, കൃഷ്ണൻ കുട്ടി, വീണാ ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, ആർ.ബിന്ദു, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തുടങ്ങിയവരും എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, കളക്ടർ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ വധൂവരന്മാരെ ആശിർവദിക്കാനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |