വടക്കേക്കാട് : ഞമനേങ്ങാട് കോടത്തൂർ കുടുംബക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതിയെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെളിയംകോട് സ്വദേശി പുതുവീട്ടിൽ ബാദുഷയെയാണ് (43) ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി.എസ്.സിനോജിന്റെ നിർദ്ദേശപ്രകാരം വടക്കേക്കാട് സബ് ഇൻസ്‌പെക്ടർ ആനന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒമ്പതിന് രാത്രി എട്ടിനും പത്തിന് രാവിലെ ആറരയ്ക്കും ഇടയ്ക്കായിരുന്നു മോഷണം നടന്നത്. ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച നാല് ഭണ്ഡാരം കുത്തിത്തുറന്നാണ് പ്രതി മോഷ്ടിച്ചത്. ഭണ്ഡാരത്തിൽ നിന്ന് 5,000 ഓളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത വടക്കേക്കാട് പൊലീസ്, മേഖലയിലെ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ചോദ്യം ചെയ്യലിൽ പ്രതി അഞ്ഞൂർ സ്വദേശി സജീവന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർമാരായ ബിജു മാത്യു, ഗോപിനാഥൻ, സിവിൽ പൊലീസ് ഓഫീസർമാരായ സാജൻ, സതീഷ് ചന്ദ്രൻ, അർജുൻ, സജു, അനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |