തിരുവനന്തപുരം : മതപഠനത്തിനെത്തിയ 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഉസ്താദിനെ വിവിധ വകുപ്പുകളിലായി 86 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പീഡന വിവരം മറച്ചുവച്ച കുറ്റത്തിന് മദ്രസ അദ്ധ്യാപകനെ കോടതി ആറ് മാസം കഠിന തടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പോക്‌സോ കോടതി ജഡ്ജി എം. പി. ഷിബുവാണ് ശിക്ഷിച്ചത്.
നെടുമങ്ങാട് മാങ്കോട് കാഞ്ഞിരത്തിൻമൂട് ബിസ്മി ഭവനിൽ സിദ്ദിഖാണ് ഒന്നാം പ്രതിയായ ഉസ്താദ്. തൊളിക്കോട് കരീബ ആഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയിൽ മുഹമ്മദ് ഷമീറാണ് മദ്രസ അദ്ധ്യാപകനായ രണ്ടാം പ്രതി. 2023 നവംബറിലാണ് സംഭവം. അഞ്ച് വിദ്യാർത്ഥികളാണ് ഉസ്താദിനെതിരെ പരാതി ഉന്നയിച്ചത്. നെടുമങ്ങാട് പൊലീസ് പ്രതികൾക്കെതിരെ അഞ്ച് കേസുകളെടുത്തിരുന്നു. നാല് കേസുകളിലെയും വിദ്യാർത്ഥികൾ വിചാരണ വേളയിൽ കൂറുമാറി . ഈ കേസുകളിൽ പ്രതികളെ വെറുതെ വിട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ. കെ. അജിത് പ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |