ആലപ്പുഴ : സാധാരണക്കാർക്ക് ആശ്വാസമായ ജനകീയ ഹോട്ടലുകളിൽ ഊണിന്റെ വില 40രൂപയാക്കി വർദ്ധിപ്പിക്കാൻ നീക്കം. വൈകാതെ ജില്ലാ പ്ളാനിംഗ് കമ്മിറ്റി തീരുമാനം എടുത്തേക്കും. നിലവിൽ 30രൂപയാണ് നിരക്ക്. ഇതിൽ 20രൂപ ഉപഭോക്താക്കളിൽ നിന്ന് വാങ്ങും.
10 രൂപ സർക്കാർ സബ്സിഡിയായും ലഭിച്ചിരുന്നു. എന്നാൽ സബ്സിഡി സർക്കാർ നിറുത്തിയതോടെയാണ് വില വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. വിലവർദ്ധന ആവശ്യപ്പെട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും കളക്ടർ കൺവീനറുമായ ജില്ലാ പ്ളാനിംഗ് കമ്മിറ്റിയ്ക്ക് അംഗങ്ങളായ ജനകീയ ഹോട്ടൽ പ്രതിനിധികൾ കത്ത് നൽകി. ഓണത്തിന് ശേഷം വില ഉയർത്തുമെന്നാണറിയുന്നത്. പഞ്ചായത്ത്, നഗരസഭകളാണ് ജനകീയ ഹോട്ടലുകളുടെ വൈദ്യുതി, ഹാൾവാടക, വെള്ളക്കരം എന്നിവ അടയ്ക്കേണ്ടതെന്ന് സർക്കാർ ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ തദ്ദേശ ഭരണസമിതികൾ തുക നൽകാത്തതിനാൽ ഈ ബാദ്ധ്യതയും ജനകീയ ഹോട്ടലുകൾ വഹിക്കേണ്ടി വരുന്നു. ഇതാണ് പ്രതിസന്ധി വർദ്ധിപ്പിച്ചത്.
സബ്‌സിഡിയില്ല, പൂട്ട് വീഴുന്നു
ഊണിന്റെ വില വർദ്ധിപ്പിച്ചില്ലെങ്കിൽ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാകും. നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ സബ്സിഡി അനുവദിക്കണമെന്നാണ് ആവശ്യം
സർക്കാരിൽ നിന്നു പണം ലഭിക്കുന്നതനുസരിച്ച് കുടുംബശ്രീ ജില്ലാ മിഷനുകളാണ് ജനകീയ ഹോട്ടലുകൾക്ക് തുക കൈമാറുന്നത്
ദിവസവും മുന്നൂറോളം ഊണുവരെ വിൽക്കുന്ന ഹോട്ടലുകളുണ്ട്. സ്പെഷ്യൽ ഉൾപ്പെടെ 50 രൂപയ്ക്ക് ഊണ് ലഭ്യമാകും. പാഴ്സലിന് 5രൂപ കൂടി നൽകണം
പലവ്യഞ്ജനത്തിനും പച്ചക്കറിക്കും പാചകവാതകത്തിനുമെല്ലാം വില കൂടിയിട്ടും ഊണ് വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
"ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി കുടിശിക മുഴുവൻ സർക്കാർ നൽകി. നിലവിൽ ഊണിന്റെ സബ്സിഡി പൂർണ്ണമായും സർക്കാർ നിർത്തലാക്കിയിരിക്കുകയാണ്
- സുരേഷ്, എ.ഡി.സി, കുടുംബശ്രീ മിഷൻ
ജില്ലയിൽ ജനകീയ ഹോട്ടലുകൾ
ആകെ: 87
പഞ്ചായത്തുകളിൽ: 76
നഗരസഭകളിൽ : 11
അടച്ചുപൂട്ടിയത്: 13
വിഭവങ്ങൾ
ചോറ്, മീൻചാറ്, തോരൻ, അച്ചാർ
സ്പെഷ്യലിന് 30രൂപ
ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നതു കൊണ്ടാണ് മറ്റ് ഹോട്ടലുകളിൽ വില വർദ്ധിപ്പിക്കാത്തത്. ഊണിന് നൽകിയിരുന്ന 10രൂപ സബ്സിഡിക്ക് പകരം സപ്ളെകോയിൽ നിന്ന് വാങ്ങുന്ന പലവ്യഞ്ജന സാധനങ്ങൾക്ക് സബ്സിഡി അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. - ബേബി പാറക്കാടൻ, ഗാന്ധിയൻ ദർശന വേദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |