ഒരു ജീവിവർഗം അതേ വർഗത്തിലുള്ള മറ്റൊന്നിനെ ഭക്ഷണമാക്കുന്നത് വളരെ അപൂർവമായ സാഹചര്യത്തിൽ മാത്രമായിരിക്കും. പൂച്ച, മുയൽ എന്നിവ സ്വന്തം കുഞ്ഞുങ്ങളെ ചില അവസരങ്ങളിൽ ഭക്ഷണമാകാറുണ്ട്. എന്നാൽ പാമ്പ് ചില അവസരങ്ങളിൽ സ്വയം അതിനെ തന്നെ ഭക്ഷണമാക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? സംഭവം ശരിയാണ്. ചില അവസരങ്ങളിൽ പാമ്പ് സ്വയം സ്വന്തം ശരീരം ഭക്ഷിക്കുന്നു. മാത്രമല്ല പാമ്പുകൾ മറ്റ് പാമ്പുകളെയും സ്വന്തം ഇനത്തിലുള്ള പാമ്പുകളെയും ഭക്ഷിക്കാറുണ്ട്.
അതിന് ഉദാഹരണമാണ് രാജവെമ്പാല. ഇവ എല്ലാ പാമ്പുകളെയും ഭക്ഷണമാകാറുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഭക്ഷണം ലഭിക്കാതെ വരുമ്പോഴാണ് പല പാമ്പുകളും മറ്റ് പാമ്പുകളെ ഭക്ഷണമാകുന്നത്. ചില പാമ്പുകൾ അറിയാതെ സ്വന്തം വാൽ കഴിക്കാറുണ്ടെന്നും പ്രശസ്ത പാമ്പുപിടിത്തക്കാരൻ വാവ സുരേഷ് കേരള കൗമുദി ഓൺലെെനിനോട് പറഞ്ഞു.
'വിശന്നിരിക്കുന്ന സമയത്ത് ചില പാമ്പുകൾ അവരുടെ വാൽ അനങ്ങുന്നത് കണ്ട് ഇരയാണെന്ന് വിചാരിക്കുന്നു. ശേഷം അത് കഴിക്കാൻ തുടങ്ങും. വാൽ കഴിച്ച് പകുതിയെത്തുമ്പോഴായിരിക്കും അത് സ്വന്തം ശരീരമാണെന്ന് തിരിച്ചറിയുക. പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. മരണത്തിന് കീഴടങ്ങേണ്ടി വരും', - വാവ സുരേഷ് വ്യക്തമാക്കി.
ഭക്ഷണം ലഭിക്കാതെ വരുമ്പോൾ
സ്വന്തം ഇനത്തിലെ പാമ്പുകളെ പാമ്പുകൾ ഭക്ഷണമാക്കാറുണ്ട്. ഭക്ഷണം ലഭിക്കാതെ വരുക, സമ്മർദ്ദം എന്നിവ കാരണം ഇത് സംഭവിക്കാമെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണം ലഭിക്കാതെ വരുമ്പോൾ വലിയ പെരുമ്പാമ്പുകൾ ചെറിയ പാമ്പുകളെ ഭക്ഷണമാകുമെന്ന് 2013ൽ ദക്ഷിണാഫ്രിക്കയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് മദ്ധ്യ ആഫ്രിക്കയിലെ റോക്ക് പെെത്തനെയാണ്. ഇവ മറ്റ് പാമ്പുകളെ വേട്ടയാടാറുണ്ട്. 20 അടിയിലധികം നീളമുള്ള ഈ പാമ്പിന് മറ്റ് പാമ്പുകളെ കീഴടക്കാനും ഭക്ഷിക്കാനും വളരെ എളുപ്പമാണെന്നും പഠനങ്ങൾ പറയുന്നു.
സമ്മർദ്ദം, ആവാസവ്യവസ്ഥയുടെ അപര്യാപ്ത, കൂട്ടിൽ അടച്ചിടുക എന്നീ അവസരങ്ങളിൽ പാമ്പുകളെ പാമ്പുകൾ തന്നെ ഭക്ഷണമാകുന്നുവെന്ന് 2021ൽ പ്രസിദ്ധീകരിച്ച 'ഹെർപെറ്റോളജിക്കൽ റിവ്യൂ' എന്ന പഠനത്തിൽ പറയുന്നു.
ആവാസവ്യവസ്ഥയുടെ സന്തുലനം
ഇത്തരത്തിൽ പാമ്പുകൾ മറ്റ് പാമ്പുകളെ ഭക്ഷിക്കുന്നതിനെ 'ഒഫിയോഫാഗി' എന്ന് അറിയപ്പെടുന്നു. ഈ വ്യവസ്ഥ പാമ്പിന്റെ ഇരകളുടെ എണ്ണം സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആവാസവ്യവസ്ഥയെയും ഇത് സന്തുലിതമായി നിലനിർത്തുന്നു. ഉദാഹരണത്തിന് രാജവെമ്പാല മറ്റ് പാമ്പുകളെ ഭക്ഷണമാക്കുന്നതിലൂടെ വിഷപ്പാമ്പുകളുടെ എണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ചരിത്രം
പാമ്പുകൾ പരസ്പരം ഭക്ഷിക്കുന്ന സ്വഭാവത്തെക്കുറിച്ച് പുരാണങ്ങളിലും പറഞ്ഞിരിക്കുന്നു. പാമ്പ് സ്വന്തം വാൽ തിന്നുന്നതായി ചിത്രീകരിക്കുന്ന പുരാതന ചിഹ്നമായ ഔറോബോറോസ് ജീവിതത്തിന്റെയും പുനർജന്മത്തിന്റെയും പ്രതിനിധീകരിക്കുന്നു. പുരാതന ഈജിപ്‌ഷ്യൻ, ഗ്രീക്ക് പുരാണങ്ങളിൽ ഈ ചിഹ്നം ഉപയോഗിച്ചിട്ടുണ്ട്. ഔറോബോറോസ് ഒരു വൃത്താകൃതിയിലുള്ള ചിഹ്നമാണ്. ആൽക്കെമി, തത്ത്വചിന്ത, കല എന്നിവയിലും ഈ ചിഹ്നം ഉപയോഗിക്കുന്നു.
പാമ്പുകൾ പരസ്പരം ഭക്ഷിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും പഠനം നടന്നുവരികയാണ്. പാമ്പിനെക്കുറിച്ചും അവയുടെ പെരുമാറ്റങ്ങളെക്കുറിച്ചും ഇനിയും കൂടുതൽ കണ്ടെത്താനാകുമെന്നാണ് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |