ന്യൂഡൽഹി: 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഗുസ്തി ഫൈനലിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗാട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് നീട്ടിവച്ചു. അന്താരാഷ്ട്ര കായിക കോടതി ഇന്ന് 9.30ന് വിധി പ്രഖ്യാപിക്കുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് വെള്ളിയാഴ്ച രാത്രി 9.30നായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു. വിധി പറയാൻ ഓസ്ട്രേലിയൻ ആർബിട്രേറ്റർക്ക് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. വെള്ളി മെഡൽ അനുവദിക്കണം എന്നായിരുന്നു വിനേഷിന്റെ ആവശ്യം.
ഒളിമ്പിക്സുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുള്ള കായിക കോടതിയുടെ പ്രത്യേക ബഞ്ചിലാണ് വിനേഷ് അപ്പീൽ നൽകിയിരുന്നത്. ശനിയാഴ്ച വാദം പൂർത്തിയായിരുന്നെങ്കിലും ആർബിട്രേറ്റർക്ക് രേഖകൾ സമർപ്പിക്കാനായി ഞായറാഴ്ച ഇന്ത്യൻ സമയം ഒൻപതര വരെ കോടതി സമയം നീട്ടി നൽകുകയായിരുന്നു. ഇതോടെ ഒളിമ്പിക്സ് അവസാനിക്കുന്നതിന് മുമ്പ് വിധിവരുമെന്ന പ്രതീക്ഷ അസ്തമിച്ചു. തുടർന്നാണ് കോടതി വിധിപ്രസ്താവം ഇന്നത്തേക്ക് നീട്ടിയത്.
രണ്ട് അപ്പീലുകളാണ് വിനേഷ് നൽകിയിരുന്നത്. തന്നെ ഫൈനലിൽ മത്സരിപ്പിക്കണമെന്നതായിരുന്നു ആദ്യ അപ്പീൽ. ഇത് ആദ്യംതന്നെ കോടതി തള്ളിയിരുന്നു. സെമിഫൈനൽ വരെ താൻ ഭാരക്കൂടുതൽ ഇല്ലാതെയാണ് മത്സരിച്ചതെന്നും ഫൈനലിൽ എത്തിയത് നിയമവിധേയമായിട്ടാണെന്നും അതിനാൽ വെള്ളിമെഡൽ പങ്കിടണമെന്നുമായിരുന്നു രണ്ടാമത്തെ അപ്പീൽ. ഇതിന്മേലാണ് വാദം നടന്നത്. ഫ്രാൻസിലെ നാല് അഭിഭാഷകർ വഴിയാണ് വിനേഷ് അപ്പീൽ നൽകിയിരുന്നത്. ഓൺലൈനായി നടന്ന വാദത്തിൽ സുപ്രീം കോടതി അഭിഭാഷകൻ ഹരീഷ് സാൽവേയും സ്പോർട്സുമായി ബന്ധപ്പെട്ട കേസുകളിലെ സ്പെഷ്യലിസ്റ്റ് വിദുഷ്പദ് സിംഘാനിയയും വിനേഷിന് വേണ്ടി ഹാജരായി.
വിനേഷിന്റെ വാദങ്ങൾ
1. പ്രകടനത്തിൽ മികവ് കാട്ടാൻ വേണ്ടി ഉത്തേജക വസ്തുക്കളോ മറ്റോ ഉപയോഗിച്ചതിന്റെ പേരിലല്ല വിനേഷിനെ വിലക്കിയത്. ശരീര ഭാരത്തിൽ വ്യത്യാസമുണ്ടാകുന്നത് ഒരു പരിധിക്ക് അപ്പുറം മനുഷ്യർക്ക് നിയന്ത്രിക്കുക സാദ്ധ്യമല്ല.
2. ആദ്യ ദിനം ഭാരം പരിശോധിക്കമ്പോൾ വിനേഷ് പരിധിക്ക് ഉള്ളിലായിരുന്നു. അതിനാൽ തന്നെ ആദ്യദിവസത്തെ മൂന്ന് മത്സരങ്ങളിലും നേടിയ വിജയം നിയമപരമായി നിലനിൽക്കും.
3. സെമിയിൽ വിജയിക്കുമ്പോൾ തന്നെ ഒരു താരം ചുരുങ്ങിയത് വെള്ളി മെഡലിന് അർഹയായിക്കഴിയും. ആ സ്ഥിതിക്ക് ഫൈനലിൽ കളിച്ചില്ലെങ്കിലും വിനേഷിന് വെള്ളി നൽകേണ്ടതാണ്.
4. സെമിയിൽ വിനേഷിനോട് തോറ്റ താരത്തെ ഫൈനലിലേക്ക് പ്രവേശിപ്പിക്കുകയും ഫൈനൽ നടക്കുകയും ചെയ്തതിനാൽ വെള്ളിമെഡൽ പങ്കുവയ്ക്കണം.
5. രണ്ടാം ദിനം ഭാരം പരിശോധിക്കമ്പോൾ 100 ഗ്രാം മാത്രമാണ് കൂടുതലുണ്ടായിരുന്നത്. അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പ് ഉൾപ്പടെ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകൾക്ക് ഇതിൽ കൂടുതൽ ഭാരപരിധി ഇളവ് ചെയ്ത് കൊടുക്കാറുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |