കൊച്ചി: തിരക്കേറിയ എം.ജി റോഡിലൂടെ മദ്യലഹരിയിൽ യുവാക്കളുടെ സാഹസിക കാർ യാത്ര. ദൃശ്യം ലഭിച്ച എറണാകുളം സെൻട്രൽ പൊലീസ് കൊല്ലം സ്വദേശികളായ കരുനാഗപ്പള്ളി എസ്.എസ് മൻസിലിൽ എൻ.എസ്. ഷുഹൈബ് (24), ശാസ്താംകോട്ട കൃഷ്ണാലയത്തിൽ പി. പ്രജീഷ് (23), ശാസ്താംകോട്ട കുരിശടി വടക്കേതിൽ ഷാഫി ഷാജഹാൻ(23) എന്നിവരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം.
കോഴിക്കോട് നിന്ന് ഇന്റർവ്യൂ കഴിഞ്ഞ് കൊല്ലത്തേക്ക് പോവുകയായിരുന്ന ഇവർ ഗൂഗിൾ മാപ്പിൽ വഴി തെറ്റിയാണ് എം.ജി റോഡ് ഭാഗത്ത് എത്തിയത്. ഒരാൾ കാറോടിക്കുകയും രണ്ടു പേർ കാറിന്റെ വശങ്ങളിലൂടെ ദേഹം പുറത്തേക്കിട്ട് എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുകയുമായിരുന്നു. പിന്നിലുണ്ടായിരുന്ന കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പൊലീസിന് കൈമാറിയത്.
ദൃശ്യം ലഭിച്ച് മിനിട്ടുകൾക്കകം പൊലീസ് മാധവ ഫാർമസി ജംഗ്ഷനിൽ കാർ തടഞ്ഞു. മൂവരും മദ്യലഹരിയിലായിരുന്നു. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. ഓടിച്ചയാളുടെ ലൈസൻസ് റദ്ദാക്കാൻ അപേക്ഷ നൽകും. കാർ കോടതിയിൽ ഹാജരാക്കി. രക്ഷിതാക്കൾ എത്തിയതിനെ തുടർന്ന് പ്രതികളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |