SignIn
Kerala Kaumudi Online
Monday, 16 September 2024 11.01 AM IST

വനിതാഡോക്ടർ കൊല്ലപ്പെട്ട കൊൽക്കത്ത സംഭവം-- സി.ബി.ഐ പറന്നെത്തി # ബംഗാൾ സർക്കാരിനും പൊലീസിനും കനത്ത തിരിച്ചടി

Increase Font Size Decrease Font Size Print Page
doctor
f

ന്യൂഡൽഹി : കൊൽക്കത്തയിലെ ആർ.ജി കർ സർക്കാർ മെഡിക്കൽ കോളേജിൽ രണ്ടാംവർഷ പി.ജി ട്രെയിനി ഡോക്‌ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ് കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിൽ സി.ബി.ഐ ഏറ്റെടുത്തു. ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ സംഘവും ഫോറൻസിക് വിദഗ്ദ്ധരും ഇന്ന് കൊൽക്കത്തയിലെത്തും.

അതേസമയം,റസിഡന്റ് ഡോക്‌ടർമാരുടെയും സംഘടനകളുടെയും രാജ്യവ്യാപകമായ പ്രതിഷേധം തുടരുകയാണ്.

സംസ്ഥാന സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്. പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന്റെ രാജി സ്വീകരിക്കാതെ അദ്ദേഹത്തെ കൽക്കട്ട നാഷണൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി മാറ്റിയ നടപടി പുരസ്കാരത്തിന് സമാനമാണെന്ന് കോടതി കുറ്റപ്പെടുത്തി. പ്രിൻസിപ്പലിനോട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അവധിയിൽ പോകാനും ആവശ്യപ്പെട്ടു.

അന്വേഷണത്തിലെ പോരായ്‌മകൾ ചൂണ്ടിക്കാട്ടി വനിതാഡോക്‌ടറുടെ മാതാപിതാക്കൾ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരൺമയി ഭട്ടാചാര്യ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കാനും, പൊതുജനത്തിന് ആത്മവിശ്വാസം പകരാനും സി.ബി.ഐക്ക് അന്വേഷണം കൈമാറുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ആശുപത്രിയിലെ സെമിനാർ ഹാളിൽ ആഗസ്റ്റ് ഒൻപതിനാണ് വനിതാ ഡോക്‌ടറെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഔട്ട് പോസ്റ്റിൽ പൊലീസിനെ സഹായിക്കാനായി നിയോഗിച്ചിരുന്ന 33 വയസുള്ള സിവിക് വോളിയന്റർ സഞ്ജയ് റോയ് ശനിയാഴ്ച അറസ്റ്റിലായി. ഇയാൾക്ക് ആശുപത്രിയിൽ ഏതുനേരത്തും എവിടെയും പ്രവേശനം ഉണ്ടായിരുന്നു.


അവർ ഇരയ്ക്ക്

ഒപ്പമല്ല: കോടതി

#അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്തത് ഞെട്ടിക്കുന്നു. ആശുപത്രി അധികൃതർ ഇരയ്‌ക്കും കുടുംബത്തിനും ഒപ്പമല്ലെന്ന് കോടതി . പ്രിൻസിപ്പൽ പരാതി നൽകാത്തത് ആശ്ചര്യം.

# കോളേജ് പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചെങ്കിലും 12 മണിക്കൂറിനകം കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായത് ഗുരുതരമായ വിഷയമാണ്. ആരും നിയമത്തിന് അതീതരല്ല. ഈ പ്രിൻസിപ്പൽ വീട്ടിലിരുന്നാൽ മതി.

സുരക്ഷാനിർദ്ദേശവുമായി

മെഡിക്കൽ കമ്മിഷൻ

സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ദേശീയ മെഡിക്കൽ കമ്മിഷൻ അടിയന്തര നിർദ്ദേശം നൽകി.

1. മെ‌ഡിക്കൽ കോളേജിലും ക്യാമ്പസിലും സുരക്ഷാനയം നടപ്പാക്കണം. സുപ്രധാന മേഖലകളിൽ സി.സി.ടി.വികൾ സ്ഥാപിക്കണം.

ക്വാർട്ടേഴ്സുകൾ,​ കോറിഡോർ,​ ക്യാമ്പസ് എന്നിവിടങ്ങളിൽ വെളിച്ചം ഉറപ്പാക്കണം. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയമിക്കണം.

2. മെഡിക്കൽ വിദ്യാർത്ഥികൾക്കു നേരേ അതിക്രമങ്ങളുണ്ടായാൽ കോളേജ് അധികൃതർ കൃത്യമായി അന്വേഷിക്കണം.പൊലീസിനെ അറിയിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കണം.സ്വീകരിച്ച നടപടികൾ വ്യക്തമാക്കി 48 മണിക്കൂറിനകം ദേശീയ മെഡിക്കൽ കമ്മിഷന് റിപ്പോർട്ട് കൈമാറണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.