പാരീസ് : ഇന്ത്യൻ കായിക താരങ്ങളും പാരീസ് ഒളിമ്പിക്സിലെ മെഡലിസ്റ്റുകളുമായ മനു ഭാക്കറും നീരജ് ചോപ്രയും പ്രണയത്തിലാണെന്ന വാർത്തകൾ തള്ളി മനുവിന്റെ പിതാവ്. കഴിഞ്ഞ ദിവസം മനുവും നീരജും പാരീസിൽ ഒരുമിച്ച് സംസാരിച്ചുകൊണ്ട് നിൽക്കുന്ന വീഡിയോ വൈറലായിരുന്നു. മനുവിന്റെ അമ്മയും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു.
മനുവിന്റെ അമ്മ നീരജിന്റെ കൈപിടിച്ച് തലയിൽ വയ്ക്കുന്നതും ചേർത്ത് പിടിച്ച് സംസാരിക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. മനു നീരജിനടുത്ത് നിന്ന് നാണത്തോടെ ചിരിച്ചുകൊണ്ട് മടങ്ങുന്ന ദൃശ്യങ്ങളാണ് ഇരുവരും പ്രണയത്തിലാണെന്ന സംശയം ജനിപ്പിച്ചത്. ഇരുവരും ഹരിയാനയിൽ നിന്നുള്ള കായിക താരങ്ങളാണ്. അതേസമയം മനുവിന്റെ അമ്മയ്ക്ക് നീരജ് മകനേപ്പോലെയാണെന്നും മനുവിന് കല്യാണപ്രായമായിട്ടില്ലെന്നും മനുവിന്റെ പിതാവ് വിശദീകരിച്ചു.
വളരെ നാളുകളായി അടുത്തറിയുന്നവരാണ് നീരജും മനുവും. ഇരുവരുടെയും കുടുംബങ്ങളും തമ്മിൽ അടുപ്പമുണ്ട്. 22 വയസാണ് മനുവിന്. നീരജിന് 26ഉം. ടോക്യോ ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവായിരുന്ന നീരജ് പാരീസിൽ വെള്ളിയാണ് നേടിയത്. പാകിസ്ഥാൻ താരം നദീം അർഷാദിനായിരുന്നു സ്വർണം. മനു രണ്ട് വെങ്കലങ്ങളാണ് നേടിയത്. 10 മീറ്റർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും മിക്സഡ് ഡബിൾസിലുമായിരുന്നു മെഡലുകൾ. 25 മീറ്റർ പിസ്റ്റളിൽ നാലാമതാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |