ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിനും സഹതാരങ്ങൾക്കും ഡൽഹിയിൽ ഗംഭീര സ്വീകരണം. മത്സരം കഴിഞ്ഞ് നായകൻ ഹർമൻ പ്രീത് സിംഗിന്റെ നേതൃത്വത്തിൽ കുറച്ച് ഹോക്കി താരങ്ങൾ നേരത്തേ മടങ്ങിയെത്തിയിരുന്നു. സമാപനച്ചടങ്ങിൽ മനു ഭാക്കറിനൊപ്പം ദേശീയ പതാകയേന്തിയ ശ്രീജേഷും ബാക്കിയുള്ള ഹോക്കിതാരങ്ങളുമാണ് ഇന്നലെ രാവിലെയോടെ ഡൽഹിയിലെത്തിയത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാദ്യഘോഷത്തോടെ താരങ്ങളെ സ്വീകരിച്ചു. മെഡൽ ജേതാക്കളെ കാണാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആരാധകർ വിമാനത്താവളത്തിലെത്തി.
രണ്ടു തവണ ഒളിമ്പിക് മെഡൽ നേടിയ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു. ഭാവി തലമുറയ്‌ക്ക് മെഡൽ നേട്ടം പ്രചോദമാകട്ടെ. താൻ വിരമിക്കുന്നത് മറ്റ് താരങ്ങൾക്ക് അവസരമാകുമെന്നും ശ്രീജേഷ് പറഞ്ഞു. നാലു വർഷം മുൻപ് ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയപ്പോഴും ടീമിന്റെ ഗോൾവല കാത്തത് ശ്രീജേഷ് ആയിരുന്നു. ഒളിമ്പിക്‌സ് മെഡൽ നേട്ടത്തോടെ വിരമിച്ച ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ഹോക്കി ടീമിന് സ്വീകരണം നൽകി. കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ താരങ്ങളെ ആദരിച്ചു. ഇന്ന് ഇന്ത്യൻ ഹോക്കി ഫെഡറേഷനും ടീമിന് സ്വീകരണം നൽകുന്നുണ്ട്.
പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പ്യനായ 21കാരൻ അമൻ ഷെറാവത്തും ഇന്നലെ മടങ്ങിയെത്തി. ദൈവാനുഗ്രഹവും രാജ്യത്തിന്റെ സ്നേഹവും കഠിന്വാദ്ധ്വാനവുമാണ് മെഡൽ നേട്ടത്തിന് സാഹചര്യമൊരുക്കിയതെന്ന് അമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |