ഏഥൻസ്: ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിന് സമീപം ശക്തമായ കാട്ടുതീ. ഒരാൾ മരിച്ചു. ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു. നൂറിലേറെ വീടുകളും നശിച്ചു. തീ ഇന്നലെ ഏറെക്കുറേ നിയന്ത്രണ വിധേയമാക്കി. എന്നാൽ, താപനില വരും ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസോളം ഉയരാമെന്നതിനാൽ കൂടുതൽ മേഖലകളിലേക്ക് തീ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
ഞായറാഴ്ച വൈകിട്ട് ഏഥൻസിന് വടക്ക് 35 കിലോമീറ്റർ അകലെയുള്ള വാർനവാസിലാണ് തീപിടിത്തം ആരംഭിച്ചത്. തുടർന്ന് പൈൻ മരക്കാടുകളിലൂടെ പടർന്നുകയറി. ഇന്നലെ ഏഥൻസിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും തീപടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു.
മാരത്തൺ, പെന്റലിക്കസ് പർവ്വത മേഖലകളിലും തീ പടർന്നു. 500ലേറെ അഗ്നിരക്ഷാ സേനാംഗങ്ങളും 17 വാട്ടർ - ബോംബിംഗ് വിമാനങ്ങളും 15 ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ഇതുകൂടാതെ പ്രത്യേക വോളന്റിയർമാരുടെ സേവനവും ലഭ്യമാണ്. ഏകദേശം 10,000 ഹെക്ടർ പ്രദേശം ഇതുവരെ കത്തിനശിച്ചെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |